ക്രിക്കറ്റ് ഫെസ്റ്റിൽ സിക്സർ അടിച്ചുപറത്തി ഡിവൈഎസ്പി
1590565
Wednesday, September 10, 2025 6:44 AM IST
കാട്ടാക്കട: ക്രിക്കറ്റ് ഫെസ്റ്റിവലിൽ സിക്സർ അടിച്ചു പായിച്ച് കാട്ടാക്കട ഡിവൈഎസ്പി റാഫി. മൈലോട്ടുമൂഴി ജനതാ ഗ്രന്ഥശാലയുടെ 74-ാമത് വാർഷികാഘോഷങ്ങളുടെ ഭാഗമായുള്ള ജനതാ ക്രിക്കറ്റ് ഫെസ്റ്റിനു മുഖ്യാതിഥിയായി എത്തിയതായിരുന്നു കാട്ടാക്കട ഡിവൈഎസ്പി റാഫി.
അഡ്വ ജി. സ്റ്റീഫൻ എംഎൽഎ ആയിരുന്നു ഉദ്ഘാടകൻ. ചടങ്ങു കഴിഞ്ഞ് എംഎൽഎ മടങ്ങി. അതേസമയം മുഖ്യാതിഥിയായിരുന്ന ഡിവൈഎസ്പി കളി കണ്ട് ഗാലറിയിൽ തുടർന്നു. എന്നാൽ ഏറേ നേരത്തിനുശ്ഷം ഡിവൈഎസ്പിയും കളത്തിലേക്ക് ഇറങ്ങി. ആദ്യം ബോളറായി, പിന്നെ ബാറ്റ്മാൻ ആയി. യോർക്കും ഗുഡ് ലെങ്ക്തും എറിഞ്ഞുശേഷം എതിരാളിയെ പതറിച്ചു പിന്നെ ബാറ്റുമെടുത്തു ക്രീസിലുമെത്തി.
തികഞ്ഞ കളിക്കാരന്റെ ശാരീരിക ഭാഷയോടെ നിലയുറപ്പിച്ചു.പിന്നെ നേർക്കു വന്ന ഓരോ പന്തും ഫീൽഡർമാരെ തലങ്ങും വിലങ്ങും പായിച്ചു. ഫ്രണ്ട് ഫുട്ട് ഡ്രൈവ്, കവർ ഡ്രൈവ്, സ്ട്രെയിറ്റ് ഡ്രൈവ് എന്നു വേണ്ട പന്തുകൾ ബൗണ്ടറിയിലേക്കു പായിച്ച് ഡിവൈഎസ്പി തകർത്താടി. കാണികൾക്കും കളിക്കാർക്കും ആവേശം നിറച്ചു കുറച്ചു നേരം കാണികളുടെ കൂട്ടത്തിൽ ഇരുന്നു ക്രിക്കറ്റ് ആസ്വദിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്.
കുട്ടികളുടെ കായികവും കലാപരമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും അവരെ അതിലേക്കു കൂടുതൽ ആകൃഷ്ടരാക്കുകയും ചെയ്യേണ്ടതു നമ്മുടെ കടമയാണെന്നും ഇത്തരം പരിപാടികളിൽ കുട്ടികൾ മുഴുകുന്നതോടെ അവർ നേർവഴി നയിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
സംഘാടക സമിതി ചെയർമാൻ ജ്യോതിഷ് വിശ്വംഭരൻ അധ്യക്ഷനായ പരിപാടിയിൽ തിരുവനന്തപുരം ജില്ലാ ലൈബ്രറി കൗൺസിൽ അംഗം കെ. ഗിരി, ജനത പ്രസിഡന്റ് എ.ജെ. അലക്സ് റോയ്, സെക്രട്ടറി എസ്. രതീഷ് കുമാർ, പട്ട കുളം തകഴി ഗ്രന്ഥാലയം പ്രസിഡന്റ് പി. മണികണ്ഠൻ, എസ്. നാരായണൻ കുട്ടി, എസ്.പി. സുജിത്ത്, പി. രതീഷ്, രാഹുൽമൈലോട്ടു മൂഴി, എ.വിജയകുമാരൻ നായർ തുടങ്ങിയവർ പങ്കെടുത്തു.