അന്വേഷണത്തിനായി പോലീസുകാർ കൊണ്ടുപോയ കുട്ടിയെ കാണാനില്ലെന്നു പരാതി
1590568
Wednesday, September 10, 2025 6:44 AM IST
കുളത്തൂർ: രാത്രിയിൽ തുമ്പ പോലീസ് 17 കാരനെ കൊണ്ടുപോയി വിട്ടയച്ചെങ്കിലും കുട്ടിയെ കാണാനില്ലെന്ന പരാതിയുമായി കുട്ടിയുടെ മാതാപിതാക്കൾ. ഇക്കാര്യം ചൂണ്ടിക്കാട്ടി തുമ്പ പോലിസിൽ പരാതി നൽകി. പള്ളിത്തുറ വലിയവിളാകംവീട്ടിൽ സെബാസ്റ്റ്യന്റെ മകൻ സെബി(17)നെയാണ് കാണാതായത്.
കഴിഞ്ഞ ദിവസം പള്ളിത്തുറ പള്ളിയിലെ ഗാനമേളക്കിടെ ഡാൻസ് ചെയ്തതുമായി ബന്ധപ്പെട്ടു യുവാക്കൾ തമ്മിൽ വാക്കേറ്റമുണ്ടായതുമായി ബന്ധപ്പെട്ടു മറ്റൊരു യുവാവിനെ അന്വേഷിച്ചാണ് തുമ്പ എസ്ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സെബിന്റെ വീട്ടിലെത്തിയത്. യുവാവിന്റെ വീട് കാണിക്കാൻ മകനെ കൊണ്ടുപോകുന്നുവെന്നാണു പോലീസ് വീട്ടുകാരോട് പറഞ്ഞത്. ജീപ്പിൽ കയറ്റാൻ ശ്രമിച്ചപ്പോൾ, സൈക്കിളിൽ വരാമെന്നു പറഞ്ഞു സെബിൻ സൈക്കിളുമായാണു പോലിസിനൊപ്പം പോയത്.
പിന്നെ സൈക്കിളിൽ വീട്ടിലെത്തിയ സെബിനെ പോലീസ് ജീപ്പിൽ കയറ്റിക്കൊണ്ടുപോയതായി വീട്ടുകാർ പറയുന്നു. സെബിനുൾപ്പെടെ മൂന്നു പേരെ സംഭവത്തിൽ പോലിസ് പിടികൂടി സ്റ്റേഷനിൽ നിർത്തിയായും പിറ്റേന്നു രാവിലെ മറ്റു യുവാക്കളുടെ ബന്ധുക്കളുടെ കൂടെ മൂന്നു പേരെയും വിട്ടതായി തുമ്പ പോലീസ് പറയുന്നു. മകൻ എത്താത്തതിനെ തുടർന്നുവീട്ടുകാരും ബന്ധുക്കളും തിരക്കിയിട്ടും കണ്ടെത്താത്തതിനെ തുടർന്നാണു വീട്ടുകാർ പരാതിയുമായി സ്റ്റേഷനിൽ എത്തിയത്.