നെടുമങ്ങാട് നഗരസഭയുടെ ഓണോത്സവം സമാപിച്ചു
1590570
Wednesday, September 10, 2025 6:44 AM IST
നെടുമങ്ങാട്: ടൂറിസം വകുപ്പും നെടുമങ്ങാട് നഗരസഭയും സംയുക്തമായി സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയായ ഓണോത്സവം 2025 സമാപിച്ചു. മന്ത്രി ജി.ആർ. അനിൽ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. നെടുമങ്ങാട് മുനിസിപ്പാലിറ്റിയിലെ രണ്ടു കുടുംബത്തിന് കൂടി വീടുവച്ചു നൽകുന്നതോടെ അതിദാരിദ്ര്യത്തിൽനിന്നും മോചനം നേടിയ മുനിസിപ്പാലിറ്റിയായി നെടുമങ്ങാടിനെ പ്രഖ്യാപിക്കാൻ കഴിയുമെന്നു മന്ത്രി പറഞ്ഞു.
സമാപന സമ്മേളനത്തിനു ശേഷം നെടുമങ്ങാട് ടൗണിൽ സ്ഥാപിച്ച " ഐ ലവ് നെടുമങ്ങാട് " ഫോട്ടോ പോയിന്റിന്റെ സ്വിച്ച് ഓൺ കർമ്മവും മന്ത്രി നിർവഹിച്ചു. കല്ലിംഗൽ ഗ്രൗണ്ടിലായിരുന്നു ഓണോത്സവം സംഘടിപ്പിച്ചിരുന്നത്. 2025 അരങ്ങേറിയത്. പിന്നണി ഗായിക അഞ്ജു ജോസഫിന്റെ ലൈവ് മ്യൂസിക് ബാന്റ് പെർഫോമൻസും അരങ്ങേറി.
ഇരുപതോളം ഗാനങ്ങൾ അണിനിരന്ന ബാന്റ് പെർഫോമൻസിനോടൊപ്പം തന്നെ വേദിയിൽ അരങ്ങേറിയ നൃത്തവും ദൃശ്യവിരുന്നായി. നെടുമങ്ങാട് നഗരസഭാ ചെയർപേഴ്സൺ സി.എസ്. ശ്രീജ അധ്യക്ഷത വഹിച്ചു. ചലച്ചിത്ര താരം അർജുൻ അശോകൻ വിശിഷ്ടാതിഥിയായി.
നെടുമങ്ങാട് ആർഡിഒ കെ.പി. ജയകുമാർ, നെടുമങ്ങാട് നഗരസഭാ വൈസ് ചെയർമാൻ എസ്. രവീന്ദ്രൻ, കൗൺസിലർ സിന്ധു കൃഷ്ണകുമാർ എന്നിവർ പങ്കെടുത്തു.