പൂവച്ചൽ ഖാദർ സ്മാരക പാർക്ക് നിർമാണം ഇഴയുന്നു
1590569
Wednesday, September 10, 2025 6:44 AM IST
പൂവച്ചൽ: ഒരു നാടിനെ മലയാളക്കരയിൽ പ്രശസ്തമാക്കിയ നായകന്റെ പേരിൽ ആരംഭിച്ച സ്മാരക നിർമാണം പാതി വഴിയിൽ. കവിയും ഗാനരചയിതാവുമായ അന്തരിച്ച പൂവച്ചൽ ഖാദറിന്റെ സ്മരണയ്ക്കായി നിർമിക്കുന്ന പാർക്കാണ് സ്വപ്നങ്ങളിലൊതുങ്ങുന്നത്. പൂവച്ചൽ പഞ്ചായത്ത്, സാംസ്കാരിക വകുപ്പിന്റെ സഹായത്തോടെ നക്രാംചിറ മിനി നഗറിലെ കുളവും പരിസരവും, മിനി ഡെസ്റ്റിനേഷൻ പോയിന്റാക്കി മാറ്റാനുള്ള പദ്ധതിയാണ് വൈകുന്നത്.
പദ്ധതിക്കായി പഞ്ചായത്ത് 1.50 കോടിയുടെ പദ്ധതിയാണ് വിഭാവനം ചെയ്തത്. ഇതിന്റെ ആദ്യഘട്ടമായി 83 ലക്ഷം രൂപയുടെ നിർമാണം ഇക്കഴിഞ്ഞ ജൂണിൽ പൂർത്തിയാക്കുമെന്നാണ് പറഞ്ഞിരുന്നത്. സാംസ്കാരിക വകുപ്പിന്റെ 50 ലക്ഷം, പഞ്ചായത്ത് തനത് ഫണ്ടിൽനിന്നുള്ള 20 ലക്ഷം, ശുചിത്വമിഷന്റെ 13 ലക്ഷം ഉൾപ്പടെയാണ് പാർക്കിന്റെ ചെലവിനായി ഉൾപ്പെടുത്തിയിരുന്നത്.
നക്രാംചിറ കുളം നവീകരിച്ച് ചുറ്റിലും പൂന്തോട്ടം, ഇരിപ്പിടങ്ങൾ, ടോയ്ലെറ്റ്, അലങ്കാര വിളക്കുകൾ, പ്രഭാത-സായാഹ്ന സവാരിക്കുള്ള സൗകര്യങ്ങൾ എന്നിവയാണ് ആദ്യഘട്ടത്തിൽ ഒരുക്കാനിരുന്നത്. രണ്ടാംഘട്ടത്തിൽ കലാപരിപാടികൾക്കുള്ള സ്റ്റേജ്, ചുറ്റുമതിൽ എന്നിവ നിർമിക്കും. കൂടാതെ ചിറയ്ക്ക് സമീപമുള്ള കുറച്ചു ഭൂമി കൂടി ഏറ്റെടുത്ത് പാർക്ക് വിപുലീകരിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു.
പഞ്ചായത്തിലെ ചാമവിള വാർഡിൽ ഉൾപ്പെടുന്നതാണ് വർഷങ്ങളുടെ പഴക്കമുള്ള ഒരേക്കറോളം വരുന്ന ഈ കുളം. പ്രദേശത്തെ കൃഷിക്കും കുടിവെള്ളത്തിനുമൊക്കെ ഉപയോഗപ്പെടുത്തിയിരുന്ന ചിറ ഉപയോഗശൂന്യമാണിപ്പോൾ. കാട്ടാക്കട, പൂവച്ചൽ ജംഗ്ഷനുകളിൽ നിന്നും രണ്ടുകിലോമീറ്റർ അകലത്തിലാണ് ചിറ. അടുത്ത ജൂണിൽ പൂവച്ചൽ ഖാദറിന്റെ അനുസ്മരണ ചടങ്ങിനു മുൻപെങ്കിലും പാർക്ക് യാഥാർഥ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പാർക്ക് നിർമാണം ആരംഭിച്ചതോടെ കുളം വൃത്തിയാക്കി സൈഡ് വാൾ നിർമിച്ച് കുളത്തിനു ചുറ്റുമായി കമ്പിവേലി സ്ഥാപിച്ച പണികൾ മാത്രമാണിപ്പോൾ നടന്നിട്ടുള്ളത്. സമീപത്തെ വാട്ടർ അതോറിട്ടിയുടെ പമ്പ് ഹൗ സ് ഉൾപ്പടെ പൊളിച്ചുമാറ്റി.
പാർക്ക് നിർമാണത്തിനായി പണികൾ നടത്തിയപ്പോൾ റോഡരികിൽ നിന്നിരുന്ന തണൽ മരങ്ങൾ അടുത്തകാലത്ത് റോഡിലേക്കു മറിഞ്ഞ് ഓടിക്കൊണ്ടിരുന്ന ബസിനു മുകളിലൂടെ വീണു. തലനാരിഴയ്ക്കാണു ബസിലെ യാത്രാക്കാർ രക്ഷപ്പെട്ടത്. ആ മരങ്ങളുടെ അവശിഷ്ടങ്ങളും മാറ്റിയിട്ടില്ല. ചിറയോടു ചേർന്നു പ്രവർത്തിക്കുന്ന വർഷങ്ങൾ പഴക്കമുള്ള മിനിനഗർ ഗ്രന്ഥശാലയ്ക്ക് പുതിയ മന്ദിരം ഉൾപ്പെടെ പണിത് പാർക്കിനൊപ്പം പ്രയോജനപ്പെടുത്താനും പദ്ധതി വിഭാവനം ചെയ്തെങ്കിലും നടപ്പാക്കാനായില്ല.