യുവാവിനെ കള്ളക്കേസില്‍ കുടുക്കി മാനസിക രോഗാശുപത്രിയില്‍ ആക്കിയെന്നു പരാതി
1590574
Wednesday, September 10, 2025 6:51 AM IST
വെള്ളറട: യുവാവിനെ കള്ളക്കേസില്‍ കുടുക്കി മാനസിക രോഗാശുപത്രിയില്‍ ആക്കിയെന്നു പരാതി. ഖത്തറിലെ ഷിപ്പ് ജീവനക്കാരനും പൂഴനാട് ആദര്‍ശ് ഭവനില്‍ കെ. തോമസിന്റെ മകന് ആദര്‍ശി (32)നെയാണ് ഭാര്യ വീട്ടുകാര്‍ കള്ളക്കേസില്‍ കുടുക്കിയതായി പരാതിയുള്ളത്.
ആര്യങ്കോട് പോലീസ് പിടികൂടിയ ആദര്‍ശിനെ മാനസികരോഗ ആശുപത്രിയില്‍ ആക്കുകയായിരുന്നു. ആദര്‍ശ് എട്ടു വര്‍ഷം മുന്‍പ് പൂഴനാട് സ്വദേശിയായ വിജിഷ (30)യെ വിവാഹം കഴിക്കുകയും ദുബായില്‍ ജോലി തരപ്പെടുത്തികൊടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ 2023-ല്‍ ദുബായില്‍വച്ചു വിജിഷ മരണപ്പെടുകയും ആദർശിനെ അറിയിക്കാതെ വിജിഷയുടെ വീട്ടുകാര്‍ ശവസംസ്കാരം നടത്തുകയും ചെയ്യുകയായിരുന്നു.
കഴിഞ്ഞമാസം 28നു വിജിഷയുടെ വീട്ടുകാര്‍ ആദര്ശില്നിന്നു വാങ്ങിയ ഏഴു ലക്ഷം രൂപയും സ്വര്‍ണാഭരണങ്ങളും മടക്കി നല്‍കാമെന്നു പറഞ്ഞു വിളിച്ചുവരുത്തിയ ശേഷം മുളകുപൊടി കണ്ണില്‍ വിതറി മർദിക്കുകയും ആര്യങ്കോട് പോലീസിനെ ഉപയോഗിച്ചു കള്ളക്കേസ് ചുമത്തി തിരുവനന്തപുരം മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിക്കുകയുമായിരുന്നുവെന്നു പരാതിയിൽ പറയുന്നു.
ആദര്‍ശിനെ കൊല്ലാന്‍ ശ്രമിച്ചതിനെതിരെയും വീട്ടുകാരറിയാതെ ആര്യങ്കോട് പോലീസിനെ ഉപയോഗിച്ചു മാനസിക രോഗ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തതിനെതിരെയാണു വീട്ടുകാർ പരാതി നൽകിയത്. ആദര്‍ശ് ഇപ്പോഴും തിരുവനന്തപുരം മാനസികാരോഗ്യ കേന്ദ്ര ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതിനെതിരെ മുഖ്യമന്ത്രിക്കും, ഡിജിപി ആദര്‍ശിന്റെ പിതാവ് തോമസ് പരാതി നല്കി.