അനധികൃതമായി സൂക്ഷിച്ച മണ്ണെണ്ണയും ഗ്യാസ് സിലിണ്ടറുകളും പിടിച്ചെടുത്തു
1590567
Wednesday, September 10, 2025 6:44 AM IST
പൂവാർ: പുതിയ തുറയിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന മണ്ണെണ്ണയും ഗ്യാസ് കുറ്റികളും പിടിച്ചെടുത്തു. ഇന്നലെ ഉച്ചയ്ക്കു നെയ്യാറ്റിൻകര പുതിയതുയിൽ ഗോതമ്പ് റോഡിലാണ് സംഭവം. ജില്ലാ കളക്ടർക്കു ലഭിച്ച രഹസ്യ വിവരത്തെതുടർന്നു നെയ്യാറ്റിൻകര താലൂക്ക് സപ്ലൈ ഓഫീസർ പ്രവീണും സംഘവും കാഞ്ഞിരംകുളം പോലീസും ചേർന്നു നടത്തിയ പരിശോധനയിലാണ് 2400 ലിറ്റർ മണ്ണെണ്ണയും എട്ടു കുറ്റി ഗ്യാസ് സിലിണ്ടറുകളും പിടിച്ചെടുത്തത്.
തമിഴ്നാട്ടിൽനിന്നു കടത്തിക്കൊണ്ടുന്ന റേഷൻ മണ്ണെണ്ണയാണ്. ഗ്യാസ് കുറ്റികൾ ഗാർഹിക ഉപയോഗത്തിനുള്ള വയാണെന്നും അധികൃതർ അറിയിച്ചു. റെയ്ഡിനെത്തിയ ടിഎസ്ഒ പ്രവീൺ കുമാറിനെയും ഗിരീഷ്, അജിത്ത്, സുനിൽ ദത്ത് തുടങ്ങി റേഷനിംഗ് ഇൻസ്പെക്ടർമാരെയും കണ്ട് അനധികൃത മണ്ണെണ്ണ കച്ചവടക്കാരനും സംഘവും ഓടി രക്ഷപ്പെട്ടു.
പിടിച്ചെടുത്ത മണ്ണെണ്ണയും സിലിണ്ടറുകളും കേരള സിവിൽ സപ്ലൈസ് ഓഫീസിലേക്ക് മാറ്റിയിട്ടുണ്ട്. തമിഴ്നാട്ടിൽ 68 രൂപയ്ക്ക് വിൽക്കുന്ന വെള്ളയും നീലയും കളറിലുള്ള മണ്ണെണ്ണ പൊഴിയൂർ തീരപ്രദേശത്തുള്ളവർക്ക് 120 രൂപയ്ക്കും നിറച്ച ഗ്യാസ് സിലിണ്ടറുകൾ 1200 രൂപയ്ക്കും വിൽപന നടത്തുകയാണു പതിവെന്നു നാട്ടുകാർ പറഞ്ഞു.