ക്ഷീര വികസന, ഫിഷറീസ് വകുപ്പുകൾക്ക് പുരസ്കാരം
1590563
Wednesday, September 10, 2025 6:44 AM IST
തിരുവനന്തപുരം: ഓണം വാരാഘോഷത്തിനു സമാപനംകുറിച്ചു നഗരത്തിൽ നടന്ന സാംസ്കാരിക ഘോഷയാത്രയിൽ പങ്കെടുത്ത ഫ്ളോട്ടുകൾക്കും കലാരൂപങ്ങൾക്കുമുള്ള പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. കേന്ദ്രസർക്കാർ സ്ഥാപന വിഭാഗത്തിൽ ഒന്നാംസ്ഥാനം വിഎസ്എസ്സിക്കും രണ്ടാം സ്ഥാനം തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഫ് ളോട്ടുകൾക്കും ലഭിച്ചു. സംസ്ഥാന സർക്കാർ വകുപ്പുകളുടെ വിഭാഗത്തിൽ ക്ഷീര വികസന വകുപ്പും മത്സ്യബന്ധന വകുപ്പും ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി.
സർക്കാരിതര സ്ഥാപന വിഭാഗത്തിൽ ഒന്നാമത് ശുചിത്വ മിഷനും രണ്ടാം സ്ഥാനം എനർജി മാനേജ്മെന്റ് സെന്ററും പുരസ്കാരങ്ങൾ നേടി. തദ്ദേശ സ്ഥാപനങ്ങളുടെ വിഭാഗത്തിൽ തിരുവനന്തപുരം കോർപറേഷനും ജില്ലാ പഞ്ചായത്തുമൊരുക്കിയ ഫ്ളോട്ടുകൾക്ക് യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ ലഭിച്ചു.
പൊതുമേഖലാ സ്ഥാപന വിഭാഗത്തിൽ കെൽട്രോണും വാട്ടർ അഥോറിറ്റിയും ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി. ബാങ്കിംഗ് മേഖലയിൽ കേരള ബാങ്കും നബാർഡും ഒന്നും രണ്ടും സ്ഥാനം സ്വന്തമാക്കി. ദൃശ്യകലാരൂപ വിഭാഗത്തിൽ ഝാർഖണ്ഡിലെ ഗ്രാമീണരുടെ തനതു നൃത്തവും ഉത്തർപ്രദേശിലെ തനതു നൃത്തവും ഒന്നും രണ്ടും സ്ഥാനം നേടി. വിജയികൾക്കുള്ള സമ്മാനം ഓണം വാരാഘോഷത്തിന്റെ സമാപന വേദിയിൽ മന്ത്രി പി.എ മുഹമ്മദ് റിയാസ് വിതരണം ചെയ്തു.