കെഎസ്ആർടിസി മൂഴിയാർ സർവീസിന് ആദരം
1590573
Wednesday, September 10, 2025 6:51 AM IST
കാട്ടാക്കട: പത്തനംതിട്ട മൂഴിയാറിലേക്കു പോകുന്ന ബസിന് ആദരവുമായി മലയിൻകീഴ് പഞ്ചായത്ത്. 60 വർഷത്തിലേറെയായി കെഎസ്ആർടിസി കാട്ടാക്കട ഡിപ്പോയിൽനിന്നു പത്തനംതിട്ട മൂഴിയാറിലേക്കു പോകുന്ന കാട്ടാക്കട - മൂഴിയാർ ഫാസ്റ്റ് പാസഞ്ചർ കെഎസ്ആർടിസി സർവീസിനാണ് മലയിൻകീഴ് പഞ്ചായത്ത് ആദരമൊരുക്കി ശ്രദ്ധനേടിയത്.
ആദ്യ കാലത്ത് തിരുവനന്തപുരം ഡിപ്പോയിൽ നിന്നായിരുന്നു സർവീസ് നടത്തിയിരുന്നത്. 1992 മുതലാണ് കാട്ടാക്കടയിലേക്കു നീട്ടിയത്. മൂഴിയാർ ഡാമിന്റെ നിർമാണത്തിനായി തൊഴിലാളികളെ എത്തിക്കുന്നതിനാണ് ബസ് സർവീസ് തുടങ്ങിയത്.
പിന്നീട് സർക്കാർ ഉദ്യോഗസ്ഥർ, മറ്റു തൊഴിലാളികൾ, വിദ്യാർഥികൾ എന്നിവരുടെ സ്ഥിരം വാഹനമായി മാറി. അന്നും ഇന്നും പുലർച്ചെ മലയിൻകീഴ് വഴി കടന്നു പോകുന്ന ആദ്യ സർവീസാണിത്. ബസിൽ ഏറെക്കാലം യാത്ര ചെയ്തതിന്റെ ഓർമകൾ സൂക്ഷിക്കുന്ന ഒട്ടേറെ പേരുണ്ട്.
നിലവിൽ പുലർച്ചെ 4.30ന് കാട്ടാക്കടയിൽനിന്ന് തുടങ്ങുന്ന സർവീസ് ഉച്ചയോടെ മുഴിയാറിൽ എത്തിച്ചേരും. ഉച്ചയ്ക്ക് 2.45 മുഴിയാറിൽനിന്ന് തലസ്ഥാനത്തേക്കു യാത്ര പുറപ്പെടും. ഇതിനാണ് ഇന്നലെ ആദരവുമായി പഞ്ചായത്ത് എത്തിയത്.
ഇതിലെ ഡ്രൈവറേയും കണ്ടക്ടറേയും ആദരിച്ചു. മാത്രമല്ല നിരവധി പേർ മൂഴിയാറിലേയ്ക്ക് യാത്രയും നടത്തി. ആദരവിന് ഐ.ബി. സതീഷ് എംഎൽഎ മുഖ്യാതിഥിയായി.