മെമ്മറിപീഡിയ മാനന്തവാടി ക്ലബ്ബ് ഉദ്ഘാടനം ചെയ്തു
1570040
Tuesday, June 24, 2025 7:19 AM IST
മാനന്തവാടി: കേരളത്തിലെ ആദ്യത്തെ വാമൊഴി ചരിത്ര ക്ലബ്ബ്, മെമ്മറിപീഡിയ ക്ലബ് മാനന്തവാടിയിൽ തുടക്കമായി. വയനാട് ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെയും ജില്ലാ ലൈബ്രറിയുടെയും ആഭിമുഖ്യത്തിൽ മാനന്തവാടി വിദ്യാപോഷിണി ലൈബ്രറിയിൽ നടന്ന മെമ്മറിപീഡിയയുടെ വാമൊഴി ചരിത്ര വർക്ക്ഷോപ്പിൽ വടക്കൻ വയനാടിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് സ്കൂൾ, കോളജ് വിദ്യാർഥികൾ പങ്കെടുത്തു.
ക്ലബ്ബിന്റെയും അനുബന്ധ മെന്റർഷിപ്പ് പ്രോഗ്രാമിന്റെയും ഉദ്ഘാടനം മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി നിർവഹിച്ചു. വീഡിയോ അധിഷ്ഠിത വാമൊഴി ചരിത്ര അഭിമുഖങ്ങളുടെ വർധിച്ചുവരുന്ന പ്രാധാന്യത്തെക്കുറിച്ചും പ്രഫഷനൽ, അക്കാദമിക് പ്രസക്തിയെക്കുറിച്ചും വിദ്യാർഥികൾക്ക് ക്ലാസ് നൽകി. ഇന്റർവ്യു ടെക്നിക്സ്, വീഡിയോ എഡിറ്റിംഗ്, സാമൂഹികശാസ്ത്ര ഗവേഷണം എന്നിവയിൽ താത്പര്യമുള്ള 75 വിദ്യാർഥികൾക്ക് അഞ്ച് മാസത്തെ മെന്റർഷിപ്പ് നൽകുകയാണ് ആദ്യഘട്ടത്തിൽ മെമ്മറിപീഡിയ ക്ലബിന്റെ ലക്ഷ്യം.
ജില്ലാ ലൈബ്രറി സെക്രട്ടറി പി.കെ. സുധീർ, മെമ്മറിപീഡിയ സ്ഥാപകനും ഡബ്ല്യുഎൽഎഫ് ഡയറക്ടറുമായ ഡോ. വിനോദ് കെ. ജോസ്, സുപ്രീം കോടതി ഒബ്സർവർ മുൻ എഡിറ്റർ ലീന ഗീത രഘുനാഥ്, ഡൽഹി സർവകലാശാലയിലെ അസോസിയേറ്റ് പ്രഫസറും ചരിത്രകാരിയുമായ ഡോ. സൗമ്യ വർഗീസ് എന്നിവർ പ്രസംഗിച്ചു.