ശന്പള പരിഷ്കരണം അടിയന്തരമായി നടപ്പിലാക്കണം: ജോയിന്റ് കൗണ്‍സിൽ
1570214
Wednesday, June 25, 2025 5:43 AM IST
കൽപ്പറ്റ: സർക്കാർ ജീവനക്കാർക്ക് ലഭ്യമാകേണ്ട ശന്പള പരിഷ്കരണം നാളിതുവരെയായിട്ടും യാതൊരു നടപടിയുമില്ലാതെ മൗനം പാലിച്ചു പോകുന്നതിൽ ജോയിന്റ് കൗണ്‍സിൽ മേഖലാ കണ്‍വെൻഷനുകൾ ആശങ്കരേഖപ്പെടുത്തി. ജീവിത ചെലവുകൾ അനുദിനം ദുസഹമായി വർധിക്കുന്പോൾ 11-ാം ശന്പള പരിഷ്കരണ കുടിശികയും വിലക്കയറ്റത്തിന് ആനുപാതികമായി പ്രഖ്യാപിക്കപ്പെടുന്ന ഡിഎ ആനുകൂല്യങ്ങളും മുൻകാലപ്രാബല്യമനുവദിക്കാതെ തടഞ്ഞുവയ്ക്കപ്പെടുന്നതും കാരണം ജീവനക്കാരുടെ ജീവിതം ഏറെ പ്രയാസകരമാക്കുകയാണ്.
ജൂലൈ ഒന്നിന് നടത്തുന്ന സെക്രട്ടേറിയറ്റ്, കളക്ടറേറ്റ് മാർച്ചും ധർണയും വിജയിപ്പിക്കാനും കേന്ദ്ര ഗവണ്മെന്റിന്റെ തൊഴിലാളിവിരുദ്ധ തൊഴിൽ നിയമങ്ങൾ പിൻവലിക്കാനും ആവശ്യപ്പെട്ട് ജൂലൈ ഒന്‍പതിന് നടത്തുന്ന ദേശീയ പണിമുടക്ക് വിജയിപ്പിക്കാനും കണ്‍വെൻഷനുകൾ ആഹ്വാനം ചെയ്തു.
കൽപ്പറ്റ സിവിൽ മേഖലാ കണ്വെൻഷൻ ജോയിന്റ് കൗണ്‍സിൽ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ. അജിനയും ബത്തേരി മേഖലാ കണ്വെൻഷൻ സംസ്ഥാന കമ്മിറ്റി അംഗം എം.പി. ജയപ്രകാശും മാനന്തവാടി മേഖലാ കണ്വെൻഷൻ ജില്ലാ പ്രസിഡന്റ് പ്രിൻസ് തോമസും ഉദ്ഘാടനം ചെയ്തു.
മൂന്ന് മേഖലകളിലുമായി ടി.ഡി. സുനിൽമോൻ, കെ.ആർ. സുധാകരൻ, കെ. ഷമീർ, സുജിത്ത് കുമാർ, പി.കെ. വിജയൻ, ടി.കെ. യോഹന്നാൻ, പ്രതീഷ്, എൻ.എം. മധു, സ്മിത, സുജിത്ത്, അനീഷ്, പ്രജിത്ത്, മനീഷ് തുടങ്ങിയവർ പ്രസംഗിച്ചു.