ദ്വാരകയിൽ ലഹരിവിരുദ്ധ സംഗമം 26ന്
1570216
Wednesday, June 25, 2025 5:43 AM IST
മാനന്തവാടി: ലോക ലഹരിവിരുദ്ധ ദിനത്തിൽ കെസിബിസി മദ്യവിരുദ്ധ സമിതി മാനന്തവാടി രൂപത ഘടകത്തിന്റെ നേതൃത്വത്തിൽ ദ്വാരക പാസ്റ്ററൽ സെന്ററിൽ ലഹരിവിരുദ്ധ സംഗമം നടത്തും. ’ലഹരിക്കെതിരേ നാം ഒന്നായ്’ എന്ന സന്ദേശം ഉയർത്തിയാണ് സംഗമം. രാവിലെ 10.30ന് തുടങ്ങും. രൂപത സഹായമെത്രാൻ മാർ അലക്സ് താരാമംഗലം ഉദ്ഘാടനം ചെയ്യും.
സമിതി രൂപത പ്രസിഡന്റ് വി.ഡി. രാജു വല്യാറയിൽ അധ്യക്ഷത വഹിക്കും. ഡയറക്ടർ ഫാ.സണ്ണി മഠത്തിൽ ക്ലാസെടുക്കും. ഇടവകകളിലെ മദ്യവിരുദ്ധ സമിതി ഭാരവാഹികൾ, പ്രവർത്തകർ, ജ്വാല ക്ലബ് കോ ഓർഡിനേറ്റർമാർ, ലഹരിവിരുദ്ധ രംഗത്തെ പ്രമുഖർ, മേഖല ഡയറക്ടർമാർ, കന്യാസ്ത്രീകൾ തുടങ്ങിയവർ പങ്കെടുക്കും. ഉച്ചയോടെയാണ് സമാപനം.
സുൽത്താൻ ബത്തേരി: നശാ മുക്ത് ഭാരത് അഭിയാന്റെ ഭാഗമായി സാമൂഹ്യനീതി വകുപ്പ് അന്തർദേശീയ ലഹരി വിരുദ്ധ ദിനാചരണം സംഘടിപ്പിക്കുന്നു. 26ന് സുൽത്താൻ ബത്തേരി ഡോണ്‍ ബോസ്കോ കോളജിൽ ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ ഉദ്ഘാടനം ചെയ്യും. ജില്ലാ സെഷൻസ് ജഡ്ജ് ഇ. അയൂബ് ഖാൻ മുഖ്യാതിഥിയാകും. ഡോണ്‍ ബോസ്കോ കോളജ് പ്രിൻസിപ്പൽ ഫാ. ഷാജൻ നോറോണ അധ്യക്ഷത വഹിക്കും.
ജില്ലാ സാമൂഹ്യനീതി ഓഫീസർ കെ.ജെ. ജോണ്‍ ജോഷി, ജില്ല ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ എ.ജെ. ഷാജി, ജില്ലാ ലീഗൽ സർവീസ് അഥോറിറ്റി സെക്രട്ടറി അനീഷ് ചാക്കോ, ജില്ലാ വിദ്യാഭ്യാസ ഓഫീസർ സി.വി. മൻമോഹൻ, ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ കാർത്തിക അന്ന തോമസ്,
എൻഎസ്എസ്, ആസാദ് സേന ജില്ലാ കോഓർഡിനേറ്റർ എം.എ. ഷെറീന, എൻഎംബിഎ ജില്ലാ കമ്മിറ്റി അംഗം പ്രിൻസ് ഏബ്രഹാം, സുൽത്താൻ ബത്തേരി ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഡേവിഡ് ആലിങ്കൽ, റേഡിയോ മാറ്റൊലി ഡയറക്ടർ ബിജോ തോമസ്, ജില്ലാ പ്രോബേഷൻ ഓഫീസർ ജി. സന്തോഷ് എന്നിവർ പങ്കെടുക്കും.