ഒളിന്പിക് ദിനാഘോഷം വാക്കത്തോണ്‍ നടത്തി
1570041
Tuesday, June 24, 2025 7:19 AM IST
സുൽത്താൻ ബത്തേരി: ലഹരിക്കെതിരെ സ്പോർട്സ് എന്ന സന്ദേശം ഉയർത്തി ലോക ഒളിന്പിക് ദിനോഘോഷത്തിന്റെ ഭാഗമായി ഇന്നലെ സുൽത്താൻ ബത്തേരിയിൽ വാക്കത്തോണ്‍ നടത്തി. ചുങ്കം ജംഗ്ഷനിൽ നിന്ന് ആരംഭിച്ച വാക്കത്തോണ്‍ നഗരസഭ ഓഡിറ്റോറിയത്തിന് മുന്നിൽ ലഹരി വിരുദ്ധ പ്രതിജ്ഞയോടെ സമാപിച്ചു.
ജില്ലാ ഒളിന്പിക് അസോസിയേഷൻ പ്രസിഡന്റ് എസ്. ഗോപകുമാർ വർമ്മ ഒളിന്പിക് ദീപശിഖ തെളിയിച്ച് നഗരസഭ ചെയർമാൻ ടി.കെ. രമേശിന് നൽകി. തുടർന്ന് ഇന്ത്യൻ ക്രിക്കറ്റ് താരം ജോഷിതയ്ക്ക് ദീപശിഖ കൈമാറി.
നഗരസഭ, ജില്ലാ ഒളിന്പിക് അസോസിയേഷൻ, സ്പോർട്സ് കൗണ്‍സിൽ എന്നിവയുടെ ആഭിമുഖ്യത്തിലായിരുന്നു വാക്കത്തോണ്‍. കായികതാരങ്ങൾക്ക് പുറമെ എൻസിസി, സ്കൗട്ട് ആൻഡ് ഗൈഡ്സ്, കോളജ്, സ്കൂൾ വിദ്യാർഥികൾ, കളരി, കുതിര അഭ്യാസികൾ എന്നിവർ പങ്കാളികളായി.
സുൽത്താൻ ബത്തേരിയിലെ വിവിധ സ്കൂളുകളായ മക്ലോഡ്സ്, ഐഡിയൽ, അസംപ്ഷൻ, സർവജന, ടെക്നിക്കൽ, സെന്റ മേരീസ് സ്കൂൾ, സെന്റ് മേരീസ് കോളജ് എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ പങ്കെടുത്തു.
ലഹരി വിരുദ്ധ പ്രതിജ്ഞ ഇന്ത്യൻ ഫുട്ബോൾ അണ്ടർ 19 താരം ഷെഫിഖ് ഹസൻ ചൊല്ലിക്കൊടുത്തു. നഗരസഭ ചെയർമാൻ ടി.കെ. രമേശ് ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ചെയർപേഴ്സണ്‍ എൽസി പൗലോസ് അധ്യക്ഷത വഹിച്ചു. ഒളിന്പ്ക് അസോസിയേഷൻ ഭാരവാഹികളായ ഗോപകുമാർ വർമ്മ, കെ. റഫീഖ്, സലീം കടവൻ, സുബൈർ ഇളംകുളം, നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍മാരായ ടോം ജോസ്, കെ. റഷീദ്, ശാമില ജുനൈസ്, പി.എസ്. ലിഷ, സാലി പൗലോസ്, കൗണ്‍സിലർമാർ എന്നിവർ പ്രസംഗിച്ചു.