ഒന്പത് മാസമായി കുടിവെള്ളമില്ല : അമ്മമാർ കുടങ്ങളുമായി ഭൂജല വകുപ്പ് ഓഫീസറെ തടഞ്ഞുവച്ചു
1549903
Thursday, May 15, 2025 6:29 AM IST
കൊല്ലം: കൊല്ലം നഗരത്തിൽ കുടിവെള്ള വിതരണത്തിനായി ഉപയോഗിച്ചുകൊണ്ടിരുന്ന ബോട്ട്കോ പമ്പ് ഹൗസിലെ കുഴൽക്കിണർ തകരാറിലായതിനെ തുടർന്ന് കഴിഞ്ഞ ഒന്പത് മാസമായി താമരക്കുളത്ത് രൂക്ഷമായ കുടിവെള്ളക്ഷാമം നേരിടുകയാണ്.
തകരാറിലായ കുഴൽ കിണറിനു പകരം പുതിയ കുഴൽ കിണർ സ്ഥാപിക്കണമെന്ന പ്രദേശവാസികളുടെ ആവശ്യം അംഗീകരിക്കാത്തതിനെ തുടർന്ന് താമരക്കുളത്തെ പ്രദേശവാസികൾ അമ്മമാരുമായി ഭൂജല വകുപ്പ് ജില്ലാ ഓഫീസറുടെ കാര്യാലയത്തിൽ എത്തി ജില്ലാ ഓഫീസർ ഇൻചാർജ് ശ്രീകുമാറിനെ തടഞ്ഞുവച്ചു പ്രതിഷേധിച്ചു.
യുവമോർച്ച കൊല്ലം ജില്ലാ പ്രസിഡന്റ് പ്രണവ് താമരക്കുളം പ്രതിഷേധത്തിന് നേതൃത്വം നൽകി. ഇതിനിടെ കൂടുതൽ അമ്മമാർ കുടങ്ങളുമായി ഭൂചല വകുപ്പ് ഓഫീസിലേക്ക് എത്തിയതോടെ പ്രതിഷേധം കനത്തു. പ്രതിഷേധം ശക്തമായതോടെ പോലീസ് എത്തി മധ്യസ്ഥ ശ്രമങ്ങൾ നടത്തി. ഏഴു ദിവസത്തിനുള്ളിൽ പുതിയ കുഴൽ കിണർ നിർമാണം പൂർത്തിയാക്കി കുടിവെള്ള പ്രശ്നം പരിഹരിക്കുമെന്ന ഉറപ്പിന്മേലാണ് സമരം അവസാനിപ്പിച്ചത്.
രേഖാമൂലം ജില്ലാ ഓഫീസർ ഇത് എഴുതി നൽകിയതോടെയാണ് സമരം അവസാനിപ്പിച്ചത്.
ബിജെപി ടൗൺ ഏരിയ പ്രസിഡന്റ് ശ്രീജ ചന്ദ്രൻ, മണ്ഡലം സെക്രട്ടറി ചിത്ര, താമരക്കുളം ബൂത്ത് സെക്രട്ടറി ബിജി രാജേഷ്, ഷീജ, മണ്ഡലം പ്രസിഡന്റ് സൂരജ്, ജനറൽ സെക്രട്ടറി കൃഷ്ണ കുമാർ, ശിവപ്രസാദ്, പളനി, രാജ, സിനി, മഞ്ജു, ഷീജ, വിജയകുമാരി, അമിത എന്നിവർ സമരത്തിന് നേതൃത്വം നൽകി.