അഷ്ടമുടി വീരഭദ്രസ്വാമി ക്ഷേത്രത്തിൽ അഷ്ടബന്ധകലശം ജൂൺ മൂന്ന് മുതൽ
1563802
Saturday, May 31, 2025 6:26 AM IST
കൊല്ലം: അഷ്ടമുടി വീരഭദ്രസ്വാമി ക്ഷേത്രത്തിലെ അഷ്ടബന്ധ നവീകരണ കലശ ചടങ്ങുകൾ ജൂൺ മൂന്നിന് രാവിലെ ആരംഭിച്ച് എട്ടിന് സമാപിക്കുമെന്ന് തൃക്കരുവ കുറ്റിയഴികം ദേവസ്വം ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. അഷ്ടമംഗല ദേവപ്രശ്ന അടിസ്ഥാനത്തിൽ വീരഭദ്ര ദേവന്റെ പ്രതിഷ്ഠയുടെ ചൈതന്യം വീണ്ടെടുക്കാനാണ് അഷ്ടബന്ധ നവീകരണ കലശം നടത്തുന്നത്. ക്ഷേത്രം തന്ത്രി തുറവൂർ ഉണ്ണികൃഷ്ണനും സുനിൽകുമാർ ശാന്തിയും അഷ്ടബന്ധ നവീകരണ ചടങ്ങുകൾക്കു നേതൃത്വം നൽകും.
അഷ്ടബന്ധ നവീകരണ ദിവസങ്ങളിൽ മഹാഗണപതി ഹോമം, ഭഗവതിസേവ,മൃത്യുഞ്ജയ ഹോമം, ഭദ്രകാളി പൂജ, ഐക്യമത്യ സൂക്ത പുഷ്പാഞ്ജലി, വിഷ്ണുസഹസ്രനാമാർച്ചന, ഭാഗ്യസൂക്ത പുഷ്പാഞ്ജലി, ലളിത സഹസ്രനാമാർച്ചന, യജ്ഞശാലയിൽ ഒരു ദിവസത്തെ പൂജ, പുരുഷസൂക്ത പുഷ്പാഞ്ജലി, ശ്രീസൂക്ത പുഷ്പാഞ്ജലി,
സ്വയംവര മന്ത്ര പുഷ്പാഞ്ജലി, സായൂജ്യപൂജ, തിലഹോമം, കലശം, ബ്രഹ്മകലശം തുടങ്ങിയ വിശേഷാൽ വഴിപാടുകൾ നടത്താൻ ആഗ്രഹിക്കുന്ന ഭക്തർക്ക് അവസരം ഒരുക്കിയിട്ടുണ്ട്. 9400194663, 9745312005 എന്നീ നമ്പരുകളിൽ വിളിച്ച് ഇതിനായി മുൻകൂട്ടി രജിസ്റ്റർ ചെയ്യണം.
ജനങ്ങളുടെ ഭൂതബാധ ദോഷങ്ങളും ഗൃഹദോഷങ്ങളും, ഭൂമി സംബന്ധമായ ദോഷങ്ങളും മറ്റ് ദുരിതങ്ങളും അകറ്റി സർവശ്വര്യം പ്രദാനം ചെയ്യാൻ എല്ലാ ദിവസവും അഷ്ടമുടി വീരഭദ്രസ്വാമി ക്ഷേത്രത്തിൽ ഭക്തർക്ക് ആകാശബലി വഴിപാടിനും സൗകര്യം ഒരുക്കിയിട്ടുണ്ട്.
ആകാശബലി വഴിപാട് നടത്താൻ ആഗ്രഹിക്കുന്നവർ 8891383964, 735643092 എന്നീ നമ്പരുകളിൽ വിളിച്ച് പേര് രജിസ്റ്റർ ചെയ്യണം. പത്രസമ്മേളനത്തിൽ തൃക്കരുവ കുറ്റിയഴികം ദേവസ്വം വർക്കിംഗ് കമ്മിറ്റി പ്രസിഡന്റ് മങ്ങാട് സുബിൻ നാരായൺ, സെക്രട്ടറിമാരായ ഡോ. കെ.വി. ഷാജി, ഡി.എസ്. സജീവ്, പി.എൻ.ആനന്ദക്കുട്ടൻ എന്നിവർ പങ്കെടുത്തു.