സര്‍വീസില്‍ നിന്ന് വിരമിക്കുന്ന ദിവസം ലഹരിവിരുദ്ധ യാത്ര നടത്താൻ എസ്ഐ
1563578
Friday, May 30, 2025 6:06 AM IST
കൊല്ലം:സര്‍വീസില്‍ നിന്ന് വിരമിക്കുന്ന ദിവസം ലഹരിക്കെതിരേ സൈക്കിളിൽ കേരള യാത്ര നടത്താൻ കൊല്ലം വെസ്റ്റ് പോലീസ് സ്റ്റേഷന് സബ് ഇന്‍സ്പെക്ടര്‍ എ. ഷാജഹാന്. നാളെയാണ് ഇദ്ദേഹം 31 വർഷത്തെ സേവനത്തിന് ശേഷം വിരമിക്കുന്നത്. ലഹരിയുടെ വിപത്തുകളെ കുറിച്ച് സമൂഹത്തിൽ അവബോധം സൃഷ്ടിക്കാനായാണ് വിരമിക്കുന്ന ദിവസം തന്നെ ഇത്തരമൊരു യാത്ര സംഘടിപ്പിക്കുന്നതെന്ന് ഷാജഹാന് പറഞ്ഞു.
കൊല്ലം രാമൻകുളങ്ങര സ്വദേശിയായ ഇദ്ദേഹം വർഷങ്ങളായി വീട്ടിൽ നിന്ന് ഡ്യൂട്ടിക്ക് സ്റ്റേഷനിൽ എത്തുന്നതും തിരികെ പോകുന്നതും സൈക്കിളിലാണ്. വിരമിച്ച ശേഷം സ്വസ്ഥ ജീവിതം നയിക്കുക എന്നതിലുപരി നാടിനും സമൂഹത്തിനും ഉപകരിക്കുന്ന പ്രവൃത്തി ചെയ്യണമെന്ന ആഗ്രഹത്തിന്റെ പൂര്‍ത്തീകരണമാണ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നതതെന്നും ഷാജഹാൻ പറഞ്ഞു.
ഒരുമാസം നീണ്ടുനില്‍ക്കുന്ന യാത്രയില്‍ 14 ജില്ലകളിലായി 2025 കിലോമീറ്റര്‍ സൈക്കിളില്‍ സഞ്ചരിച്ച് ലഹരിക്കെതിരേ ബോധവത്്കരണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ ഇരുചക്ര വാഹനങ്ങളില്‍ സഞ്ചരിക്കുന്നവര്‍ ഹെല്‍മെറ്റ് ധരിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി 14 ജില്ലകളിലൂടെ 1700 കിലോമീറ്റർ ഷാജഹാന് സൈക്കിള്‍ യാത്ര നടത്തിയിരുന്നു.
ഇത്തവണത്തെ സൈക്കിൾ യാത്ര നാളെ ഉച്ചയ്ക്ക് 12 ന് കൊല്ലം വെസ്റ്റ് പോലീസ് സ്റ്റേഷൻ അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി ജെ.ചിഞ്ചുറാണി ഫ്ലാഗ് ഓഫ് ചെയ്യും. എൻ.കെ.പ്രേമചന്ദ്രൻ എംപി, എംഎൽഎമാരായ എം.മുകേഷ്, എം.നൗഷാദ്, സിറ്റി പോലീസ് കമ്മീഷണർ കിരൺ നാരായണൻ തുടങ്ങിയവർ സംബന്ധിക്കും.
തുടർന്ന് സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിൽ ഒരു സംഘം പോലീസുകാർ സൈക്കിളിൽ ടൗൺ അതിർത്തിവരെ യാത്രയെ അനുഗമിക്കും. കേരള പോലീസ് അസോസിയേഷന്റെയും പോലീസ് ഓഫീസേഴ്സ് അസോസിയേഷന്റെയും സഹകരണത്തോടെയാണ് യാത്ര സംഘടിപ്പിച്ചിട്ടുള്ളത്.
പ്രതികൂല സാഹചര്യങ്ങൾ ഒന്നുമില്ലെങ്കിൽ ജൂൺ 25ന് കൊല്ലം ചിന്നക്കട ബസ് ബേയിൽ അവസാനിക്കുന്ന രീതിയിലാണ് യാത്ര ക്രമീകരിച്ചിട്ടുള്ളത്.