ചന്ദനമരം മുറിക്കാൻ അനുമതി : പട്ടയഭൂമിയിലെ മരംമുറിക്കലിൽ അവ്യക്തത
1591479
Sunday, September 14, 2025 3:41 AM IST
പത്തനംതിട്ട: സ്വകാര്യ ഭൂമിയിലെ ചന്ദനമരം വനം വകുപ്പു മുഖേന മുറിച്ച് വില്പന നടത്തുന്നതിനുള്ള കരട് ബില്ലിന് മന്ത്രിസഭ അംഗീകാരം നൽകിയെങ്കിലും പട്ടയഭൂമിയിലെ ഇതര മരങ്ങൾ മുറിക്കുന്നതുമായി ബന്ധപ്പെട്ട അവ്യക്തത തുടരുന്നു.
പട്ടയഭൂമിയിൽ കർഷകൻ പരിപാലിച്ചുപോരുന്ന മരങ്ങൾ മുറിച്ചുമാറ്റുന്പോൾ വനംവകുപ്പ് ഇപ്പോഴും തടസവാദങ്ങൾ ഉന്നയിക്കുന്നുണ്ട്. പ്ലാവ്, ആഞ്ഞിലി, തേക്ക്, ഈട്ടി, മഹാഗണി തുടങ്ങിയ മരങ്ങൾക്ക് ഈ പ്രശ്നം നിലനിൽക്കുകയാണ്. കർഷക ഭൂമിയിലെ മരങ്ങൾ മുറിക്കാൻ അനുമതി നൽകി ഇതിനോടകം സർക്കാർതലത്തിൽ ഉത്തരവുകൾ ഇറങ്ങിയിട്ടുണ്ടെങ്കിലും ഇത് അംഗീകരിച്ച് അനുമതി നൽകാൻ വനംവകുപ്പ് ഉദ്യോഗസ്ഥർ തയാറാകുന്നില്ല.
പത്തനംതിട്ട ജില്ലയുടെ കിഴക്കൻ മലയോര മേഖലയിലാണ് ഇതുമായി ബന്ധപ്പെട്ട തർക്കങ്ങൾ അടിക്കടി ഉണ്ടാകുന്നത്. പട്ടയം ലഭിച്ചതും ലഭിക്കാനുള്ളതുമായ ഭൂപ്രദേശങ്ങൾ ഉണ്ടെന്ന പേരിലാണ് വനംവകുപ്പിന്റെ ഇടപെടൽ. കൈവശാവകാശമുള്ളതും തലമുറുകളായി തങ്ങൾ കൈവശംവച്ചുവരുന്നതുമായ കൃഷിയിടങ്ങളിൽ നട്ടുവളർത്തിയ മരങ്ങൾ മുറിച്ചുനീക്കാനുള്ള അവകാശത്തിനാണ് കർഷകർ വാദിക്കുന്നത്.
എന്നാൽ, പട്ടയം, കൈവശാവകാശരേഖ ഇവ സംബന്ധിച്ച് വനംവകുപ്പിന്റെ തടസവാദങ്ങൾ നിലനിൽക്കുന്ന പ്രദേശത്ത് ഏതുതരം മരം മുറിക്കാനും അനുമതി നൽകാറില്ല. കർഷകർ തങ്ങളുടെ ജീവനോപാധിയായി നട്ടുവളർത്തുകയും മക്കളുടെ വിദ്യാഭ്യാസം, വിവാഹം തുടങ്ങിയ ആവശ്യങ്ങൾക്കായി മരങ്ങൾ മുറിച്ചുമാറ്റുകയും ചെയ്യുന്പോഴാണ് വനംവകുപ്പിന്റെ ഇടപെടലുകൾ പലപ്പോഴും ഉണ്ടാകുന്നത്. ഇതു സംഘർഷങ്ങൾക്കു വഴിവയ്ക്കാറുമുണ്ട്.
ഇത്തരം പ്രശ്നങ്ങൾ പരിശോധിച്ച് ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് വ്യക്തമായ ഉത്തരവ് നൽകിയിരുന്നെങ്കിലും വനംവകുപ്പിലെ ചില ഉദ്യോഗസ്ഥർ ഇതിലും വെള്ളം ചേർത്തു. മുറിച്ചുമാറ്റാൻ കഴിയുന്ന മരങ്ങളുടെ പട്ടിക തയാറാക്കിയപ്പോഴും പട്ടയഭൂമി എന്ന വ്യാഖ്യാനത്തിലും പിഴവുകൾ ചൂണ്ടിക്കാട്ടി വനംവകുപ്പ് തർക്കവാദങ്ങളുന്നയിച്ചു. നൂറുവർഷങ്ങൾക്കു മുകളിൽ നൽകിയിട്ടുള്ള പതിവ് ഭൂമികളിൽ മാത്രമാണ് അനുമതി നൽകിയത്.
വനംവകുപ്പ് ഭക്ഷ്യോത്പാദന ആവശ്യങ്ങൾക്കായി നൽകിയിട്ടുള്ള ഭൂമിയിൽ മരങ്ങൾ മുറിക്കാൻ അനുമതി നൽകാറില്ല. ഇത്തരം സ്ഥലങ്ങളിൽ പാഴ്മരങ്ങൾ മുറിക്കാൻ പോലും വനംവകുപ്പ് തടസവാദം ഉന്നയിച്ചിട്ടുണ്ട്.
ചന്ദനമരം കൃഷി പ്രോത്സാഹിപ്പിക്കാൻ പദ്ധതി
ചന്ദനമരം നട്ടുവളർത്തി വെട്ടിവിൽക്കാനുള്ള അനുമതി കർഷകനു നൽകുന്നതിലൂടെ കൃഷി പ്രോത്സാഹിപ്പിക്കകയാണ് സർക്കാർ ലക്ഷ്യം. ഒരു കിലോ ചന്ദനത്തിന് ഏറ്റവും കുറഞ്ഞത് നാലായിരം മുതല്‍ ഏഴായിരം രൂപ വരെയാണ് ഇപ്പോള്‍ മാര്‍ക്കറ്റ് വില. ചന്ദനത്തിന്റെ ഗുണനിലവാരമനുസരിച്ച് വിലയില്‍ വീണ്ടും വർധന ഉണ്ടാകും.
നിലവിൽ സ്വന്തം ഭൂമിയില്‍നിന്നു ചന്ദനമരം മോഷണം പോയാലും സ്ഥലം ഉടമയ്ക്കെതിരേ കേസ് എടുക്കാറുണ്ട്. അതിനാല്‍ത്തന്നെ ചന്ദനമരം വച്ചുപിടിപ്പിക്കാന്‍ ആളുകള്‍ തയാറല്ലായിരുന്നു. ചന്ദനമരം മുറിച്ചുമാറ്റാൻ പാകമാകണമെങ്കിൽത്തന്നെ നൂറുവർഷം വേണ്ടിവരും. കർഷകരെ സംബന്ധിച്ചിടത്തോളം കൃഷിയും ലാഭകരമല്ല.
നിലവിലുള്ള നിയമപ്രകാരം ഉണങ്ങിയ ചന്ദനമരങ്ങളും അപകടകരമായവയും മുറിക്കുന്നതിനു മാത്രമാണ് അനുമതിയുള്ളത്. സ്വന്തം ആവശ്യത്തിന് വീടുവയ്ക്കുന്നതിനുള്ള സ്ഥലത്തെ മരവും മുറിക്കാന്‍ അനുമതി നല്‍കുന്നതാണ്.
പതിവുഭൂമിയിൽ വിലക്ക്
റവന്യൂ വകുപ്പ് പതിച്ചുനല്‍കിയ ഭൂമിയിലുള്ളതും സര്‍ക്കാരിലേക്കു റിസര്‍വ് ചെയ്തതുമായ ചന്ദനമരങ്ങള്‍ മുറിക്കാന്‍ ബില്ലില്‍ അനുവാദം നല്‍കുന്നില്ല. ഇതിനു ഭൂമിക്കു പട്ടയം നല്‍കുന്നത് സംബന്ധിച്ച് ഭൂപതിവ് റവന്യൂ നിയമങ്ങളില്‍ ഭേദഗതി വേണമെന്നതിനാലാണിത്. ഇത്തരം സ്ഥലങ്ങളിൽ നിൽക്കുന്ന മറ്റു മരങ്ങൾ മുറിക്കാനം അനുമതിയില്ല.
വനമേഖലയോടു ചേർന്ന പ്രദേശങ്ങളിലാണ് തർക്കം ഏറെയുള്ളത്. ഇത്തരം സ്ഥലങ്ങളിൽ നൽകിയിട്ടുള്ള ഭൂ രേഖകൾ വനംവകുപ്പ് അംഗീകരിച്ചിട്ടില്ല. സ്ഥലത്തിനു പട്ടയം തേടിയുള്ള അപേക്ഷകളും തീരുമാനമാകാതെ കിടക്കുകയാണ്. സ്വന്തം പുരയിടത്തിലെ മരം മുറിച്ച് വീടുവയ്ക്കാൻ പോലും ഭൂ ഉടമയ്ക്ക് അനുമതിയില്ലാത്ത സാഹചര്യം നിലവിലുണ്ട്.