ശ്രീകൃഷ്ണ ജയന്തി ആഘോഷം ഇന്ന് 50 മഹാശോഭായാത്ര, 500 ഉപശോഭായാത്ര
1591489
Sunday, September 14, 2025 3:52 AM IST
പത്തനംതിട്ട: ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ ശ്രീകൃഷ്ണജയന്തി ദിനമായ ഇന്നു വൈകുന്നേരം ജില്ലയിൽ വിവിധ കേന്ദ്രങ്ങളിൽ ശോഭാ യാത്രകൾ സംഘടിപ്പിക്കും. 50 മഹാശോഭായാത്രകളും 500 ഓളം ഉപ ശോഭായാത്രകളും വിവിധയിടങ്ങളിലായി നടക്കും.
ജില്ലയിലെ 150 ബാലഗോകുലങ്ങളുടെയും വിവിധ ഹൈന്ദവ സംഘടനകളുടേയും നേതൃത്വത്തിലാണ് ശ്രീകൃഷ്ണജയന്തി ആഘോഷങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത്. ഇന്നു പുലർച്ചെ മുതൽ ക്ഷേത്രങ്ങളിൽ വിശേഷാൽ പൂജകളും പ്രത്യേക വഴിപാടുകളും നടക്കും. പാൽപ്പായസം വിതരണം, പൊങ്കാല, നാരായണീയ പാരായണം കൃഷ്ണലീല, ഉറിയടി, തിരുവാതിര തുടങ്ങിയ പരിപാടികളുണ്ടാകും.
പത്തനംതിട്ടയിൽ ടൗൺ, മലയാലപ്പുഴ, മൈലപ്ര, വള്ളിക്കോട്, ഓമല്ലൂർ, ചെന്നീർക്കര, ഇലന്തൂർ കൈപ്പട്ടൂർ, മഞ്ഞനിക്കര എന്നീ സ്ഥാനീയ സമിതികളിലാണ് വിപുലമായ രീതിയിൽ ശോഭായാത്രകൾ.
വൈകുന്നേരം അഞ്ചിന് വെട്ടിപ്പുറം, പത്തനംതിട്ട ടൗൺ, മണ്ണാറമല , കല്ലറക്കടവ്, കണ്ണങ്കര എന്നിവിടങ്ങളിൽനിന്നുള്ള ശോഭായാത്രകൾ പത്തനംതിട്ട ജിയോ ഗ്രൗണ്ടിൽ സംഗമിച്ച് മഹാശോഭയാത്രയായി ശ്രീധർമശാസ്ത്ര ക്ഷേത്രത്തിൽ സമാപിക്കും. തുടർന്ന് ഉറിയടി, പ്രസാദ വിതരണം എന്നിവ നടക്കും. റാന്നി, വടശേരിക്കര, കോന്നി, അടൂർ, തിരുവല്ല, മല്ലപ്പള്ളി ടൗണുകൾ കേന്ദ്രീകരിച്ചും മഹാശോഭായാത്രകൾ ക്രമീകരിച്ചിട്ടുണ്ട്.