ആറന്മുളയിൽ അഷ്ടമിരോഹിണി വള്ളസദ്യ ഇന്ന്
1591488
Sunday, September 14, 2025 3:41 AM IST
ആറന്മുള: ആറന്മുള ക്ഷേത്രത്തിലെ അഷ്ടമിരോഹിണി വള്ളസദ്യക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ഇന്നലെ വൈകുന്നേരം അഞ്ചിന് ആദ്യ ചെമ്പ് അരി വേവിക്കാൻ തുടങ്ങി. അതു നേരം വെളുക്കുവോളം തുടർന്നുകൊണ്ടിരുന്നു. ക്ഷേത്രത്തിനുള്ളിൽ സി.കെ. ഹരിചന്ദ്രൻ നായരുടെയും പുറത്തുള്ള സദ്യാലയങ്ങളിൽ അനീഷ് ചന്ദ്രൻ നായരുടെയും നേതൃത്വത്തിലാണ് സദ്യവട്ടങ്ങൾ ഒരുക്കിയിരിക്കുന്നത്.
ക്ഷേത്രത്തിന്റെ മൂന്നു ഭാഗത്തായി പള്ളിയോടങ്ങൾക്കും പ്രത്യേകം പ്രത്യേകം ഈ ചോറും വിഭവങ്ങളും പകർന്നുവയ്ക്കും. ആദ്യ ചെമ്പ് അരി ആനക്കൊട്ടിൽ വഞ്ചിപ്പാട്ട് പാടി സമർപ്പിച്ച ശേഷമാണ് ബാക്കി വിഭവങ്ങളുടെ പാചകം പൂർത്തിയാക്കിയത്. ഒരു ലക്ഷത്തിൽപ്പരം ആളുകൾ ഇക്കുറി സദ്യയിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.
നാല്പതിൽപ്പരം വിഭവങ്ങൾ
അന്പലപ്പുഴ പാൽപ്പായസം ഉൾപ്പെടെ നാല്പതിൽപ്പരം വിഭവങ്ങളോടെയാണ് ആറന്മുള സദ്യ തയാറാക്കി നൽകുന്നത്. തൂശനിലയിൽ ഇവയെല്ലാം വിളന്പിനൽകും. പാടി ചോദിക്കുന്ന വിഭവങ്ങൾ കരക്കാർക്കു നൽകുന്ന രീതിയുമുണ്ട്. തോരൻ, കാളൻ, അവിയൽ, സാന്പാർ, പച്ചടി, കിച്ചടി, അച്ചാർ തുടങ്ങി ഇവയുടെ വ്യത്യസ്ത രുചികളോടെയും വിഭവങ്ങളോടെയുമാണ് തയാറാക്കി നൽകുന്നത്.
കൂടാതെ ഉപ്പേരി വിഭവങ്ങളും പപ്പടം, വടയും ഉണ്ണിയപ്പവും കരിന്പുമെല്ലാം വിഭവങ്ങളുടെ കൂട്ടത്തിലെത്തും. പായസംതന്നെ വ്യത്യസ്തമായി തയാറാക്കി നൽകും. സദ്യക്കെത്തുന്നവർക്കെല്ലാം വിഭവങ്ങൾ ഉറപ്പാക്കി നൽകും. ക്ഷേത്രത്തിനുള്ളിൽ സി.കെ. ഹരിചന്ദ്രൻ നായരുടെയും പുറത്തുള്ള സദ്യാലയങ്ങളിൽ അനീഷ് ചന്ദ്രൻ നായരുടെയും നേതൃത്വത്തിലാണ് സദ്യവട്ടങ്ങൾ ഒരുക്കിയിരിക്കുന്നത്. അമ്പലപ്പുഴ അരവിന്ദാക്ഷൻ നായരുടെ നേതൃത്വത്തിലാണ് അമ്പലപ്പുഴ പാൽപ്പായസം തയാറാക്കുന്നത്.
പള്ളിയോടങ്ങളിൽ എത്തുന്ന കരക്കാർക്കു ക്ഷേത്രത്തിന്റെ വടക്കും പടിഞ്ഞാറുമുള്ള മുറ്റത്ത് പ്രത്യേകം പ്രത്യേകം വിഭവങ്ങൾ കാലത്തെ ഒമ്പതിനു മുമ്പായി എത്തിച്ചുവയ്ക്കും. ക്ഷേത്രത്തിന്റെ തെക്കുഭാഗത്തുള്ള സദ്യാലയത്തിൽ ഭക്തജനങ്ങൾക്ക് തുടർച്ചയായി സദ്യ നൽകിക്കൊണ്ടിരിക്കും. നൂറിലധികം ആളുകളെ ഇതിനായി പ്രത്യേകം നിയോഗിച്ചിട്ടുണ്ട്.
ചേനപ്പാടിയിൽനിന്നു തൈര് എത്തി
പരന്പരാഗത ആചാരങ്ങളോടെ ചേനപ്പാടിയിൽനിന്ന് എത്തിച്ച തൈര് പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ.വി. സാംബദേവന്റെ നേതൃത്വത്തിൽ ഇന്നലെ സ്വീകരിച്ചു. ആറന്മുളയിലെ അഷ്ടമിരോഹിണി വള്ളസദ്യക്കുള്ള തൈര് ചേനപ്പാടിയിൽനിന്നെത്തിക്കുന്ന രീതിയാണുള്ളത്. ഇതു പ്രത്യേകം തയാറാക്കി പാളയിലാക്കിയാണ് സമർപ്പിച്ചത്. ഘോഷയാത്രയായി കൊണ്ടുവന്ന തൈര് ഏറ്റുവാങ്ങാൻ ഭക്തജനങ്ങളും ദേവസ്വം ഉദ്യോഗസ്ഥരും പള്ളിയോട സേവാ സംഘം പ്രവർത്തകരും എത്തിയിരുന്നു.
കരക്കാർ പള്ളിയോടങ്ങളിലെത്തും
വള്ളസദ്യക്കായി ആറന്മുളയിലെ 52 പള്ളിയോട കരക്കാരും എത്തും. തങ്ങളുടെ പള്ളിയോടങ്ങളിലാണ് കരക്കാർ എത്തുന്നത്. ആടയാഭരണങ്ങൾ അണിഞ്ഞ് അലങ്കാരങ്ങൾ ചാർത്തിയായിരിക്കും പള്ളിയോടങ്ങൾ ക്ഷേത്രക്കടവിലെത്തുക. ഉത്തൃട്ടാതി ജലോത്സവത്തിനുശേഷം പള്ളിയോടങ്ങൾ അണിനിരക്കുന്ന ഘോഷയാത്രയും ക്ഷേത്രക്കടവിൽ ദൃശ്യമാകും. രാവിലെ 9.30ഓടെ പള്ളിയോട കരക്കാർ എത്തിത്തുടങ്ങും. 10.30ഓടെ ഇവരെ സ്വീകരിച്ചാനയിക്കും. 11.30നാണ് ഉദ്ഘാടനച്ചടങ്ങ്.