കെ.ജി. ജോർജ് ഫിലിം ഫെസ്റ്റിവലും പഠനവും 20, 21 തീയതികളിൽ
1591494
Sunday, September 14, 2025 3:52 AM IST
തിരുവല്ല: മധ്യതിരുവിതാംകൂറിന്റെ അഭിമാനമായ വിശ്വവിഖ്യാത ചലച്ചിത്ര സംവിധായകൻ കെ.ജി. ജോർജിന്റെ രണ്ടാം ചരമ വാർഷികത്തോടനുബന്ധിച്ച് എം.ജി. സോമൻ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ സ്വപ്നാടനം എന്ന പേരിൽ കെ.ജി. ജോർജ് ഫിലിം ഫെസ്റ്റിവലും പഠനവും 20, 21 തീയതികളിൽ തിരുവല്ല ബിലിവേഴ്സ് മെഡിക്കൽ കോളജ് ആംഫി തിയറ്ററിൽ നടക്കും.
40 വർഷത്തിനു ശേഷമാണ് തിരുവല്ലയിൽ ഫെസ്റ്റിവൽ നടക്കുന്നത്. ആറു സിനിമകളാണ് പ്രദർശിപ്പിക്കുന്നത്. ഈ ചിത്രങ്ങളുമായി സഹകരിച്ച അഭിനേതാക്കളും സാങ്കേതിക പ്രവർത്തകരും നിരൂപകരും മേളയിൽ പങ്കെടുക്കും.
20നു രാവിലെ ഒന്പതിന് കോലങ്ങൾ പ്രദർശിപ്പിക്കും. 11ന് എം.ജി. സോമൻ ഫൗണ്ടേഷൻ ചെയർമാൻ ബ്ലെസിയുടെ അധ്യക്ഷതയിൽ കൂടുന്ന യോഗത്തിൽ ചലച്ചിത്ര അക്കാഡമി ചെയർമാൻ പ്രേംകുമാർ ഫിലിം ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്യും. തുടർന്നു നടക്കുന്ന ഓപ്പൺ ഫോറത്തിൽ മേനക സുരേഷും പഠനം ചലച്ചിത്ര നിരൂപകൻ വിജയകൃഷ്ണനും കെ.ജി. ജോർജിന്റെ ചലച്ചിത്ര പ്രബന്ധം ഡോ. സൈബാസ്റ്റ്യൻ കാട്ടടിയും അവതരിപ്പിക്കും. 1.45ന് "ഇരകൾ' സിനിമ പ്രദർശിപ്പിക്കും.
4.15ന് സിനിമാ ഫോട്ടോഗ്രാഫർ വേണുവിന്റെ നേതൃത്വത്തിൽ ചർച്ച. 5.30ന് ചലച്ചിത്രം - ആദാമിന്റെ വാരിയെല്ല്. 21ന് രാവിലെ ഒന്പതിന് ചലച്ചിത്രം - സ്വപ്നാടനം എന്നിവ പ്രദർശിപ്പിക്കും. 11ന് ഫെസ്റ്റിവലിന്റെ സമാപന സമ്മേളനത്തിൽ മന്ത്രി സജി ചെറിയാൻ മുഖ്യാതിഥിയാകും. മന്ത്രി കെ.ബി. ഗണേഷ് കുമാർ കെ.ജി. ജോർജ് ഫിലിം സ്റ്റഡി സെന്ററിന്റെ ഉദ്ഘാടനം നിർവഹിക്കും. ബിലിവേഴ്സ് ചർച്ച് മെഡിക്കൽ കോളജ് ഹോസ്പിറ്റൽ മാനേജർ ഫാ. സിജോ പന്തപ്പള്ളിൽ പ്രസംഗിക്കും.
ഓപ്പൺ ഫോറത്തിൽ മല്ലിക സുകുമാരനും സിനിമയിലെ നായകൻ മോഹൻദാസും പങ്കെടുക്കും. 1.45ന് ചലച്ചിത്രം യവനിക, 4.15ന് തുടർന്ന് നടക്കുന്ന ഓപ്പൺ ഫോറത്തിൽ പഠനം കവിയൂർ ചലച്ചിത്രതാരവും നായികയുമായ ശിവപ്രസാദും നിർവഹിക്കും. 5.30ന് "മറ്റൊരാൾ' - ചലച്ചിത്രം പ്രദർശിപ്പിക്കും.
കെ. ജി. ജോർജിന്റെ ജീവിതവും സിനിമയും സമഗ്രമായി പഠിച്ച് എം.ജി. സോമൻ ഫൗണ്ടേഷൻ ഇതിനോടൊപ്പം ഒരു റഫറൻസ് ഗ്രന്ഥവും തയാറാക്കും. സിനിമ ആസ്വാദനത്തിന് ചലച്ചിത്രോത്സവത്തിന്റെ താത്പര്യമുള്ളവരെ ഉൾപ്പെടുത്തി കെ.ജി. ജോർജ്സ് ഫിലിം സ്റ്റഡീസും തുടർച്ചയായിനടത്തും.
എം.ജി. സോമൻ ഫൗണ്ടേഷൻ ചെയർമാൻ ബ്ലെസി, സെക്രട്ടറി എസ്. കൈലാസ്, മോഹൻ അയിരൂർ, കൺവീനർമാരായ സാജൻ വർഗീസ്, സുരേഷ് കാവുംഭാഗം, സാജൻ കെ.വർഗീസ്, ജോർജ് മാത്യു, പി. എം.അനീർ എന്നവർ പറഞ്ഞു.