എസ്ഐ മർദിച്ചെന്ന പരാതിയിൽ നടപടിയുണ്ടായില്ലെന്ന്
1591485
Sunday, September 14, 2025 3:41 AM IST
പത്തനംതിട്ട: മണ്ഡല, മകരവിളക്കു കാലത്ത് നിലയ്ക്കലിൽ കരാറെടുത്ത വ്യാപാര സ്ഥാപനം പ്രവർത്തിപ്പിക്കുന്നതിനു പണം നൽകാത്തതിന്റെ പേരിൽ അതിക്രമം കാട്ടിയ എസ്ഐക്കെതിരേ നൽകിയ പരാതിയിൽ നടപടി ഉണ്ടായില്ലെന്ന് ആക്ഷേപം.
പന്പയിൽ എസ്ഐ ആയിരുന്ന യു. ബിജു 2013-14ലെ മണ്ഡല മകരവിളക്കു കാലത്ത് പണം നൽകാത്തതിന്റെ പേരിൽ നിലയ്ക്കലിലെ കട പൂട്ടിക്കുകയും മർദിക്കുകയും ചെയ്തതായാണ് പരാതി.
ശബരിമല സീസണിലെ കച്ചവടത്തിനായി തിരുവിതാംകൂർ ദേവസ്വം ബോർഡിൽനിന്നു തുലാപ്പള്ളി അമ്പലത്തിങ്കൽ വീട്ടിൽ വേണു പമ്പാവാലിയുടെ മകൻ രതീഷ് 3,75,000 രൂപയ്ക്ക് നിലയ്ക്കൽ പാർക്കിംഗ് ഗ്രൗണ്ടിനു സമീപമുള്ള സ്ഥലം ഷെഡ് കെട്ടി ഹോട്ടൽ നടത്താൻ ലേലത്തിൽ പിടിച്ചിരുന്നു.
കടകെട്ടുന്ന സമയത്ത് എസ്ഐ യു. ബിജു കടയുടെ മുന്നിൽ വന്ന് അനധികൃത കച്ചവടം ഇവിടെ നടത്തിക്കില്ലായെന്നും പണം വേണമെന്നും ആവശ്യപ്പെട്ടതായി പിതാവ് വേണു പമ്പാവാലി പത്രസമ്മേളനത്തിൽ പറഞ്ഞു. പണം ആവശ്യപ്പെട്ട് അദ്ദേഹം വ്യാപാരികളെ തുടരെ ഭീഷണിപ്പെടുത്തുകയും ചെയ്തു.
പണം നൽകാതിരുന്നതിന്റെ പേരിൽ 2013 ഡിസംബർ മൂന്നിന് രാവിലെ ഒന്പതോടെ എസ്ഐ യു. ബിജുവും അഞ്ചു പോലീസുകാരും ഹോട്ടലിന്റെ മുമ്പിൽ ജീപ്പിൽ വന്നിറങ്ങി. എസ്ഐ കടയുടെ അകത്തേക്കു ചാടിക്കയറി ഉടമസ്ഥൻ ആരാണന്നും ലൈസൻസ് എടുക്കാനും ആവശ്യപ്പെട്ടു. ലൈസൻസ് എടുക്കാൻ മകൻ രതീഷ് പെരുനാട് പഞ്ചായത്തിൽ പോയിരിക്കുകയാണന്ന് വേണു പറഞ്ഞു.
ഹെൽത്ത് കാർഡ് തൊഴിലാളികൾക്കു കിട്ടിയതേയുള്ളുവെന്നും പറഞ്ഞു. ഇതു കേട്ടയുടനെ എസ്ഐ ബിജു അസഭ്യവർഷം നടത്തുകയും ഹോട്ടലിൽ ഉണ്ടായിരുന്ന നാലു ഡെസ്കുകളും തടി ബെഞ്ചുകളും കാലുകൊണ്ട് തൊഴിച്ചു മറിച്ചിടുകയും ചെയ്ത് ഹോട്ടലിൽ ഭീകരാന്തരീക്ഷം ഉണ്ടാക്കി.
തുടർന്ന് അസഭ്യം വിളിച്ചുകൊണ്ട് വേണുവിന്റെ നാഭിക്കു തൊഴിക്കുകയും ചെയ്തു. തൊഴികൊണ്ട് വേണു താഴേക്കു വീണു. എഴുന്നേറ്റപ്പോൾ കഴുത്തിനു പിടിച്ച് തള്ളി കടയ്ക്കു പുറത്തിറക്കി. തുടർന്ന് ജീപ്പിൽക്കയറ്റി. കടയിൽനിന്നുകൊണ്ടുതന്നെ എസ്ഐ ബിജു ഡ്യൂട്ടി മജിസ്ട്രേറ്റിനെ ഫോണിൽ വിളിച്ച് അനധികൃത കടയാണെന്നു പറഞ്ഞ് കട പൂട്ടിക്കാൻ നിർദേശിച്ചു. കടയുടെ പ്രവർത്തനം നിർത്തിവച്ചതായി കാണിച്ച് നോട്ടീസ് കടയിൽ ഒട്ടിക്കുകയും ചെയ്തു.
തന്നെയും മകനെയും ഒന്നും രണ്ടും പ്രതികളാക്കി കേസെടുത്തു. വൈകുന്നേരം രണ്ടു പേരുടെ ആൾജാമ്യത്തിൽ വിടുകയായിരുന്നു. മർദനമേറ്റ വേണു പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.
ഉദ്യോഗസ്ഥന്റെ പീഡനത്തിനെതിരേ പോലീസ് ഉദ്യോഗസ്ഥർക്കു പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ല. നിലയ്ക്കൽ സ്റ്റേഷനിൽനിന്നും പോലീസുകാർ എത്തി മൊഴി എടുത്തതിൽ ഒരു നടപടിയും ഉണ്ടായില്ല. പോലീസ് കംപ്ലയിന്റ് അഥോറിറ്റിക്കു നൽകിയ പരാതിയിലും അന്വേഷണമുണ്ടായില്ല.
സംഭവത്തെത്തുടർന്ന് മൂന്നു ദിവസം കട അടച്ചിടേണ്ടി വന്നു. മൂന്നു ലക്ഷം രൂപ നഷ്ടവുമുണ്ടായി. യു. ബിജുവിനെതിരേ കോടതിയിൽ നൽകിയ സ്വകാര്യ അന്യായത്തിന്മേൽ നടപടികൾ നടക്കുകയാണെന്ന് വേണു പറഞ്ഞു.