ഗുരുതര രോഗികളെയുമായി സ്കാനിംഗിനു നെട്ടോട്ടം
1262820
Saturday, January 28, 2023 11:13 PM IST
അമ്പലപ്പുഴ: മെഡിക്കൽ കോളജ് ആശുപത്രിയിൽ സിടി സ്കാൻ പ്രധാന കെട്ടിടത്തിൽ പ്രവർത്തിപ്പിക്കാത്തതു രോഗികളെ ദുരിതത്തിലാക്കുന്നു. അത്യാഹിത വിഭാഗത്തിനും തീവ്രപരിചരണ വിഭാഗത്തിനും സമീപം സിടി സ്കാൻ സ്ഥാപിക്കണമെന്നാണ് രോഗികളുടെ ആവശ്യം. ഗുരുതരാവസ്ഥയിൽ അത്യാഹിത വിഭാഗത്തിൽ എത്തിക്കുന്നവർക്കു പലപ്പോഴും അടിയന്തരമായി ചെയ്യേണ്ട പരിശോധനയാണിത്. അതോടൊപ്പം ഐസിയുവിൽ പ്രവേശിക്കപ്പെട്ട രോഗികൾക്കും സിടി സ്കാൻ അത്യാവശ്യമായി വരും. ഡോക്ടർ സ്കാൻ നിർദേശിക്കുന്നതോടെ ഗുരുതരാവസ്ഥയിലുള്ള രോഗികളുമായി അടുത്ത സിടി സ്കാൻ കെട്ടിടത്തിലേക്ക് ഒാടേണ്ട അവസ്ഥയിലാണ് കൂടെയുള്ളവർ.
ജീവൻ പണയപ്പെടുത്തി
ഇങ്ങനെ രോഗികളെ സിടി സ്കാൻ വിഭാഗം സ്ഥിതി ചെയ്യുന്ന കെട്ടിടത്തിൽ എത്തിക്കുമ്പോൾ രോഗിയുടെ അവസ്ഥ തന്നെ വഷളാകാറുണ്ട്. കഴിഞ്ഞ ദിവസം അത്യാഹിതവിഭാഗത്തിൽനിന്നു വെന്റിലേറ്റർ ഘടിപ്പിച്ച വീട്ടമ്മയെ സിടി സ്കാനിംഗിനായി എത്തിച്ചപ്പോൾ നില വഷളായി. തുടർന്നു പരിശോധന നടത്താതെ അടിയന്തരമായി ഐസിയുവിലേക്കു മാറ്റേണ്ടി വന്നു. നാലാം നിലയിലെ ഐസിയുവിൽ കഴിയുന്ന രോഗികളെയും അവസ്ഥ മോശമാകുമെന്നു കരുതി സിടി സ്കാൻ സെന്ററിലെത്തിക്കാൻ ഡോക്ടർമാർ തയാറാകാറില്ല.
`
സ്ഥലമില്ലാഞ്ഞിട്ടല്ല
ഗുരുതരാസ്ഥയിൽ കഴിയുന്ന രോഗികളെ സ്ട്രച്ചറിൽ ആശുപത്രിക്കുള്ളിലെ ഇടനാഴിയിലൂടെ ആശുപത്രിക്കു പുറത്തെത്തിച്ചാണ് പഴയ കെട്ടിടത്തിൽ സ്കാനിംഗിനു കൊണ്ടുവരുന്നത്. പലപ്പോഴും ജീവനക്കാർ പോലും കൂടെയില്ലാതെ ബന്ധുക്കളാണ് രോഗിയെ പരിശോധനക്കെത്തിക്കുന്നത്. വിശാലമായ നിരവധി കെട്ടിടങ്ങൾ ആശുപത്രിക്കുള്ളിൽ ഉള്ളപ്പോൾ സിടി സ്കാൻ മെഷീൻ പഴയ കെട്ടിടത്തിൽനിന്ന് ഉടൻ മാറ്റി സ്ഥാപിക്കണമെന്നാണ് രോഗികളുടെ ആവശ്യം.