ജില്ലാ കോടതിപ്പാലം ഗതാഗതക്കുരുക്കിലെന്ന്
1592743
Thursday, September 18, 2025 10:42 PM IST
ആലപ്പുഴ: ജില്ലാ കോടതിപ്പാലത്തിന്റെ നിര്‍മാണത്തെത്തുടര്‍ന്ന് വാഹനം തിരിച്ചുവിടുന്ന വഴികളില്‍ കനത്ത ഗതാഗതക്കുരുക്കില്‍. റോഡ് സഞ്ചാരയോഗ്യമാക്കുന്നതില്‍ അധികൃതരുടെ വീഴ്ചയാണ് ഗതാഗതക്കുരുക്കിനു കാരണമെന്ന് തത്തംപള്ളി റസിഡന്റ്സ് അസോസിയേഷന് കുറ്റപ്പെടുത്തി.
റോഡുകളിലെ തടസങ്ങള്‍ അടിയന്തരമായി നീക്കം ചെയ്യണമെന്ന് മുന്‍കൂട്ടി അറിയിച്ചിട്ടും അവഗണിച്ചത് ഖേദകരവും യാത്രക്കാരോടുള്ള വെല്ലുവിളിയുമാണെന്ന് ടിആര്‍എ പ്രസിഡന്റ് തോമസ് മത്തായി കരിക്കംപള്ളില്‍ ചൂണ്ടിക്കാട്ടി.
പട്ടണ ചത്വര വഴിയുടെ തുടക്ക ഭാഗങ്ങളിലും ചത്വരത്തിലും റോഡിലേക്ക് ഇറങ്ങിനില്ക്കുന്ന കല്‍ക്കെട്ടുകളും പൊളിച്ചിട്ടിരിക്കുന്ന അവശിഷ്ടങ്ങളും മരങ്ങളും നീക്കം ചെയ്യണം. വലിയ വാഹനങ്ങള്‍ കടന്നു പോകാന്‍ സൗകര്യം ഇല്ലാത്തിടത്ത് ഹെവി വാഹനങ്ങള്‍ അനുവദിക്കരുത്. തുടങ്ങിയ നിര്‍ദേശങ്ങളാണ് അസോസിയേഷന് അധികൃതരുടെ മുന്നില്‍ വച്ചത്.
കിടങ്ങാംപറമ്പ്-ഗോവണിപ്പാലം റോഡില്‍ ഒരു അറ്റകുറ്റപ്പണിയും നടത്തിയിട്ടില്ലെന്നും ഇടുങ്ങിയ കോടതി-കോര്‍ത്തശേരി, കിടങ്ങാംപറമ്പ് ജംഗ്ഷന്-സിവൈഎംഎ ജംഗ്ഷന് റോഡുകളില്‍ കിലോമീറ്ററുകള്‍ ദൂരത്തില്‍ രാവിലെ മുതല്‍ വൈകുന്നേരം വരെ ഓട്ടോറിക്ഷകള്‍ നീണ്ടനിരയായി ഇടുന്നതും അധികൃത പാര്‍ക്കിംഗും വലിയ ഗതാഗതക്കുരുക്കിനു കാരണമാകുന്നതായും അസോസിയേഷന് ചൂണ്ടിക്കാട്ടി.