ശുചീകരണത്തൊഴിലാളികളുടെ ഒഴിവുള്ള തസ്തികകളില്‍ നിയമനം നടത്തും
1592740
Thursday, September 18, 2025 10:42 PM IST
ആലപ്പുഴ: നഗരസഭ 2025 മേയ് 31 വരെ ഉണ്ടായിട്ടുള്ള 46 ശുചീകരണ വിഭാഗം തൊഴിലാളികളുടെ ഒഴിവുകളിലേക്ക് അടിയന്തര നിയമനം നടത്തുന്നതിന് കൗണ്‍സില്‍ തീരുമാനിച്ചു. നഗരസഭ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്ത പ്രകാരം എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍നിന്നു ലഭ്യമായ 532 പേരുടെ ലിസ്റ്റില്‍നിന്നു ഇന്റര്‍വ്യൂ നടത്തി നിയമനം നടത്തും.
ചെയര്‍പേഴ്സണ്‍, വൈസ് ചെയര്മാന്, ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ, മുനിസിപ്പല്‍ സെക്രട്ടറി, ഹെല്‍ത്ത് ഓഫീസര്‍ ഇന്‍ ചാര്‍ജ് എന്നിവരടങ്ങുന്ന ഇന്റര്‍വ്യൂ ബോര്‍ഡിനും കൗണ്‍സില്‍ അംഗീകാരം നല്കി. എംപ്ലോയ്മെന്റ് ലിസ്റ്റിനു പുറമേ കോടതി ഉത്തരവ് പ്രകാരം 55 മുന്‍കാല താത്കാലിക തൊഴിലാളികളെ കൂടി അഭിമുഖത്തില്‍ പങ്കെടുപ്പിക്കുന്നതിനും തീരുമാനിച്ചു.
പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ ഹെല്‍ത്ത് ഗ്രാന്റിന്റെ രണ്ടാം ഗഡു ആയി ആലപ്പുഴ നഗരസഭയ്ക്ക് അനുവദിച്ച 60 ലക്ഷം രൂപ നഗര ജനകീയ ആരോഗ്യ കേന്ദ്രങ്ങളുടെ നടത്തിപ്പ് ചെലവുകള്‍ക്ക് വിനിയോഗിക്കുന്നതിന് തീരുമാനിച്ചു.
പിഎംഎവൈ ലൈഫ് പദ്ധതി ഗുണഭോക്താക്കളായ രണ്ടു പേര്‍ക്ക് വിവിധ കാരണങ്ങളാല്‍ ഭവനനിര്‍മാണം പൂര്‍ത്തീകരിക്കാന്‍ സാധിക്കാത്തതിനാല്‍ കൈപ്പറ്റിയ തുക തിരികെ ഈടാക്കി ആധാരം തിരികെ നല്‍കുന്നതിന് തീരുമാനിച്ചു.
നഗരസഭാ ചെയര്‍പേഴ്സണ്‍ കെ.കെ. ജയമ്മ അധ്യക്ഷത വഹിച്ച കൗണ്‍സിലില്‍ വൈസ് ചെയര്മാന് പി.എസ്.എം. ഹുസൈന്, സ്ഥിരം സമിതി അധ്യക്ഷരായ എം,ആര്. പ്രേം, എ.എസ്. കവിത, നസീര്‍ പുന്നയ്ക്കല്‍, ആര്. വിനിത, റീഗോ രാജു, സലിം മുല്ലാത്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു.