ചേർത്തലയിൽ ബസ് പാലത്തിലേക്ക് ഇടിച്ചുകയറി; 28 പേര്‍ക്കു പരിക്ക്
1592303
Wednesday, September 17, 2025 6:53 AM IST
ചേര്‍ത്തല: ദേശീയപാതയില്‍ നിര്‍മാണം നടക്കുന്ന കോണ്‍ക്രീറ്റ് പാലത്തിലേക്കു കെഎസ്ആര്‍ടിസി ബസ് ഇടിച്ചു കയറി ബസിലുണ്ടായിരുന്ന 28 പേര്‍ക്കു പരിക്ക്. സാരമായി പരിക്കേറ്റ 10 യാത്രക്കാരെ വിദഗ്ധ ചികിത്സയ്ക്കായി ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി.
നട്ടെല്ലിനു പരിക്കേല്‍ക്കുകയും കാലൊടിയുകയും ചെയ്ത ബസ് ഡ്രൈവര്‍ കൊല്ലം നീണ്ടൂര്‍ എടത്തറവീട്ടില്‍ ശ്രീരാജ് സുരേന്ദ്രന് (33), കണ്ടക്ടര്‍ തിരുവനന്തപുരം സുജിനാഭവനില് സുജിത് (38), കൊല്ലം മേച്ചേരി പുത്തന്‍വീട്ടില്‍ ഗോപാലകൃഷ്ണന് (57), ബിഹാര്‍ സ്വദേശി മുഹമ്മദ് ബഷീര്‍ (31), കാലടി ചേരാനല്ലൂര്‍ തൈക്കാത്ത് സിജിബാബു (42), തിരുവനന്തപുരം ആര്യാങ്കാവ് പാറവിള പുത്തന്‍വീട്ടില്‍ അജിത്കുമാര്‍ (52), പാലക്കാട് ഹെഡ് ഓഫീസ് പോസ്റ്റല്‍ ക്വാര്‍ട്ടേഴ്സില്‍ അനൂപ് (40), ചേര്‍പ്പുളശേരി തറയില്‍വീട്ടില്‍ അരുണ്‍കുമാര്‍ (36), കോയമ്പത്തൂര്‍ സ്വദേശിനികളായ ഉഷ (32), ശൈലജ (45) എന്നിവരാണ് ആലപ്പുഴ മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ളത്.

നിയന്ത്രണം വിട്ടു
കോയമ്പത്തൂരില്‍നിന്നു തിരുവനന്തപുരത്തേക്കു പോകുകയായിരുന്ന കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് സ്വിഫ്റ്റ് ബസ് ആണ് അപകടത്തില്‍പെട്ടത്. ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ചോടെ ദേശീയപാതയില്‍ ചേര്‍ത്തല പോലീസ് സ്റ്റേഷനു വടക്ക് ഹൈവേ പാലത്തിനു സമീപമായിരുന്നു അപകടം.
പരിക്കേറ്റവരില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുളളവരും ഇതരസംസ്ഥാനക്കാരുമുണ്ട്. ചേര്‍ത്തല റെയില്‍വേ സ്റ്റേഷനില്‍ യാത്രക്കാരെ ഇറക്കി തിരുവനന്തപുരത്തേക്കു പോകുകയായിരുന്ന ബസ് ഹൈവേ പാലത്തിനു സമീപം നിയന്ത്രണം വിട്ട് ദേശീപാതയില്‍ അടിപ്പാലം നിര്‍മിക്കുകയായിരുന്ന ഭാഗത്തേക്ക് ഇടിച്ചുകയറുകയായിരുന്നു. അടിപ്പാതയുടെ രണ്ടാംഘട്ട ഭാഗത്ത് കോണ്‍ക്രീറ്റിംഗിനായി കെട്ടിയ കമ്പികളിലേക്കാണ് ബസ് ഇടിച്ചു കയറിയത്.

നിര്‍മാണം നടക്കുന്നതിനാല്‍ ഇവിടെ വാഹനങ്ങള്‍ തിരിച്ചുവിടാന്‍ താത്ക്കാലിക ക്രമീകരണങ്ങളാണ് ഒരുക്കിയിരുന്നത്. ഇതെല്ലാം തകര്‍ത്താണ് ബസ് ഇടിച്ചുകയറിയത്.
ഉറങ്ങിപ്പോയെന്ന് സംശയം
ക്രമീകരണങ്ങള്‍ കാണാതെ വാഹനം മുന്നോട്ടു പോയതോടെയാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ ബസിന്റെ മുന്‍ഭാഗം തകര്‍ന്നു. ചേര്‍ത്തലയില്‍നിന്ന് അഗ്നിശമനസേനയെത്തി മുന്‍ഭാഗം പൊളിച്ചാണ് ഡ്രൈവറെയും കണ്ടക്ടറെയും മുന്വരിയിലിരുന്നവരെയും പുറത്തെത്തിച്ചത്.
ബസില്‍ത്തന്നെ തെറിച്ചുവീണും സീറ്റിലും കമ്പികളിലും തലയിടിച്ചുമാണ് മറ്റുള്ളവര്‍ക്കു പരിക്ക്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണെന്നു കരുതുന്നു. അതേസമയം, ബസ് അമിത വേഗത്തിലായിരുന്നെന്നും പറയുന്നുണ്ട്. അശ്രദ്ധമായി വാഹനം ഓടിച്ചതിന് ഡ്രൈവര്‍ക്കെതിരേ ചേര്‍ത്തല പോലീസ് കേസെടുത്തിട്ടുണ്ട്. ദേശീയപാത നിര്‍മാണവുമായി ബന്ധപ്പെട്ടു പാലം പണി നടക്കുന്നതിനാല്‍ ഈ ഭാഗത്തു താല്കാലിക പാത ഒരുക്കിയിട്ടുണ്ട്. ദേശീയപാതയിലൂടെ ഇരു ഭാഗങ്ങളില്‍നിന്നു വരുന്ന വാഹനങ്ങള്‍ തൊട്ടടുത്ത് എത്തുമ്പോഴാണ് റോഡിനു താത്കാലികമായി പാത ഒരുക്കിയ വിവരം മനസിലാകുകയുള്ളൂ.
ദേശീയപാതയിലൂടെ ഇങ്ങനെ വേഗത്തില്‍ വരുന്ന വാഹനങ്ങള്‍ സ്ഥിരമായി അപകടത്തില്‍ പെടാറുണ്ടെന്നും നാട്ടുകാര്‍ പറയുന്നു.