31 കിലോ കഞ്ചാവുമായി ട്രെയിനിലെത്തിയ മൂന്ന് ഇതരസംസ്ഥാനക്കാർ പിടിയില്‍
1591657
Sunday, September 14, 2025 11:13 PM IST
ചേര്‍ത്തല: ചേര്‍ത്തലയില്‍ എക്സൈസിന്റെ വന്‍ കഞ്ചാവ് വേട്ട. മൊത്തക്കച്ചവടത്തിനായി ട്രെയിനിലെത്തിച്ച 31കിലോ കഞ്ചാവ് എക്സൈസ് സംഘം പിടികൂടി. രണ്ടിടങ്ങളില്‍നിന്നാണ് ഇത്രയും കഞ്ചാവ് പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് പ്രായപൂര്ത്തിയാകാത്തയാളുള്പ്പെടെ മൂന്നു പശ്ചിമബംഗാള്‍ സ്വദേശികള്‍ പിടിയിലായി. ചേര്‍ത്തല കേന്ദ്രീകരിച്ചു വില്‍പ്പനയ്ക്കായി എത്തിച്ചതാണ് കഞ്ചാവെന്ന് എകസൈസ് പറഞ്ഞു.
രാവിലെ ചെന്നൈ-എഗ് മോര് ട്രെയിനില്‍ കഞ്ചാവ് കടത്തുന്നു എന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ചേര്‍ത്തല എക്സൈസ് സിഐ ടി.എസ്. സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് 26 കിലോ കഞ്ചാവ് പിടിച്ചെടുത്തത്. പശ്ചിമ ബംഗാള്‍ മൂര്‍ഷിദാബാദ് സ്വദേശികളായ അജ്റുള്‍ മുല്ല (35), സീമൂള്‍ (18) എന്നിവരാണ് പിടിയിലായത്. ഇവര്‍ 27 പാക്കറ്റുകളിലായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ഇവരോടൊപ്പമുണ്ടായിരുന്ന മൂന്നു പേര് എക്സൈസിനെ കബളിപ്പിച്ച് തന്ത്രപരമായി ഓടി രക്ഷപ്പെട്ടു.
ചേര്‍ത്തലയില്‍ മൊത്ത കച്ചവടത്തിനായി കഞ്ചാവ് എത്തിക്കുന്ന സംഘത്തെക്കുറിച്ച് എക്സൈസിന് നേരത്തേ വിവരം ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്ന് സംഘം നിരീക്ഷണത്തിലായിരുന്നു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഞായറാഴ്ച പുലര്‍ച്ചെ മുതല്‍ എക്സൈസ് സംഘം റെയില്‍വേ സ്റ്റേഷന് പരിസരത്ത് ക്യാമ്പ് ചെയ്തിരുന്നു.
കഞ്ചാവുമായി സംഘം ഇറങ്ങി വരുമ്പോള്‍ പിടികൂടുകയായിരുന്നു. ചേര്‍ത്തല പോലീസ് ഇന്‍സ്പെക്ടര്‍ ജി. അരുണിന്റെ സാന്നിധ്യത്തില്‍ കഞ്ചാവ് പുറത്തെടുത്ത് അളന്ന് തിട്ടപ്പെടുത്തി. കഞ്ചാവ് എവിടെനിന്നാണ് കൊണ്ടുവന്നതെന്നും ആര്‍ക്കാണ് ഇത് എത്തിക്കുന്നതെന്നതടക്കമുളള വിവരങ്ങള്‍ അന്വേഷിക്കുകയാണെന്ന് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ ടി.എസ്. സുനില്‍കുമാര്‍ പറഞ്ഞു.
സര്‍ക്കിള്‍ ഇന്സ്പക്ടര്ക്കൊപ്പം എക്സൈസ് ഇന്‍സ്പെകടര്‍ എന്‍. ബാബു, അസിസ്റ്റന്റ് എസ്ഐമാരായ ജയകുമാര്‍, വിജയകുമാര്‍, സജി, പ്രിവന്റീവ് ഓഫീസര്‍ മുസ്തഫ, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ജിനു, അശ്വതി, ഡ്രൈവര്‍ ബെന്‍സി എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
ഇതിനിടയില്‍ റെയില്‍വേ സ്റ്റേഷനില്‍നിന്നു കബളിപ്പിച്ചു കടന്നുപോയവരെ കണ്ടെത്താന്‍ പരിശോധനകള്‍ നടത്തുന്നതിനിടെയാണ് മൂന്നംഗ സംഘത്തില്‍ ഒരാളെന്നു സംശയത്തില്‍ പിടികൂടിയ 17 കാരനില്‍നിന്നും അഞ്ചു കിലോ കഞ്ചാവ് പിടിച്ചത്.
ചേര്‍ത്തല ഹൈവേ പാലത്തിനു സമീപത്തുനിന്ന് എക്സൈസ് റേഞ്ച് ഇന്‍സ്പക്ടര്‍ സുമേഷിന്റെ നേതൃത്വത്തിലാണ് ഇയാളെ പിടികൂടിയത്. റെയില്‍വേ സ്റ്റേഷനില്‍നിന്നു കബിളിപ്പിച്ചു കടന്ന സംഘത്തില്‍പ്പെട്ടയാളാണെന്ന നിഗമനത്തിലാണ് എക്സൈസ്.
പശ്ചിമ ബംഗാള്‍ സ്വദേശിയാണ് ഇയാളും. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു കേസുകളായാണ് എക്സൈസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.