അമിത വെളിച്ചമടിച്ച് മീൻപിടിത്തം; പ്രതിഷേധം
1591144
Friday, September 12, 2025 11:32 PM IST
അമ്പലപ്പുഴ: കൂറ്റൻ ജനറേറ്ററിന്റെ സഹായത്തോടെ കടലിൽ നിയമവിരുദ്ധമായി അമിതവെളിച്ചമടിച്ച് മീൻപിടിത്തം നടത്തുന്നവർക്കെതിരേ പ്രതിഷേധം കനക്കുന്നു. ഇത്തരം അനധികൃത മീൻപിടിത്തം മൂലം പരമ്പരാഗത മത്സ്യബന്ധന വള്ളങ്ങള്‍ക്ക് മീൻ കിട്ടുന്നില്ലെന്നാണ് പരാതി.
ജില്ലയുടെ തീരക്കടലില്‍ അനധികൃത മത്സ്യബന്ധനം വ്യാപകമാകുന്ന സാഹചര്യത്തിലാണ് പരാതി ശക്തമായിരിക്കുന്നത്. തിരുവനന്തപുരം കുളച്ചല്‍, കൊല്ലം വാടി ഭാഗങ്ങളില്‍നിന്നെത്തുന്ന വള്ളങ്ങളാണ് നിരോധന മത്സ്യബന്ധനത്തിലേര്പ്പെടുന്നതെന്നു പറയുന്നു.
രണ്ടു വള്ളങ്ങൾ പിടിയിൽ
ഇന്നലെ തോട്ടപ്പള്ളി ഭാഗത്തുനിന്നു രണ്ട് വള്ളങ്ങള്‍ പിടികൂടി. ഫിഷറീസ് ഉദ്യോഗസ്ഥരും തീരദേശ പോലീസും നടത്തിയ പരിശോധനയിലാണ് കേരള സമുദ്ര മത്സ്യബന്ധന നിയമത്തിനു വിരുദ്ധമായി മീന്‍പിടിച്ച വള്ളവും മത്സ്യവും പിടികൂടി പിഴ ഈടാക്കിയത്. വഞ്ചിയിലുണ്ടായിരുന്ന മീന്‍ ലേലം ചെയ്തു പിഴത്തുകയിലേക്കു വരവുവച്ചു. രണ്ടാഴ്ച മുമ്പ് തോട്ടപ്പള്ളിയില്‍ അനധികൃത മത്സ്യബന്ധനവുമായി ബന്ധപ്പെട്ടു സംഘര്‍ഷം ഉടലെടുത്തിരുന്നു.
മീൻ കിട്ടുന്നില്ല
പ്രകാശ വലയത്തില്‍ കണവ പിടിച്ച ഇതരസംസ്ഥാനവള്ളങ്ങളെ തോട്ടപ്പള്ളിയില്നിന്നുപോയ വള്ളങ്ങളിലെ തദ്ദേശിയരായ മത്സ്യത്തൊഴിലാളികള്‍ തടഞ്ഞിരുന്നു. തുടര്‍ന്നു കടലിലും കരയിലുമായി മണിക്കൂറോളം സംഘര്‍ഷാവസ്ഥ ഉടലെടുത്തിരുന്നു.
അമിത വൈദ്യുതി വെളിച്ചം പ്രവഹിക്കുമ്പോള്‍ കണവ ഒഴിച്ചുള്ള മറ്റു മത്സ്യങ്ങള്‍ കടലിന്റെ കൂടുതല്‍ ആഴങ്ങളിലേക്കു പോകും.
ഇതോടെ തങ്ങളുടെ വലയില്‍ ഇവ കിട്ടാതെ വരുമെന്നാണ് ചെറുകിട വള്ളക്കാരുടെ പരാതി.
നിരോധിത മത്സ്യബന്ധനത്തിനു ചില കമ്മീഷന് ഏജന്റുമാരും ഉദ്യോഗസ്ഥരും കൂട്ടുനില്‍ക്കുന്നതായും മത്സ്യത്തൊഴിലാളികള്‍ ആരോപിച്ചു.
നൈറ്റ് ട്രോളിംഗ്, വളര്‍ച്ചയെത്താത്ത മീന്‍പിടിത്തം തുടങ്ങിയവയും നിരോധിച്ചിട്ടുണ്ട്.