ച​മ്പ​ക്കു​ളം: ച​മ്പ​ക്കു​ളം പ​ഞ്ചാ​യ​ത്തി​ൽ ക്ഷീ​ര വി​ക​സ​നവ​കു​പ്പ് നി​ർ​മിക്കു​ന്ന എ​ലി​വേ​റ്റ​ഡ് കാ​റ്റി​ൽ ഷെ​ഡ് കെ​ട്ടി​ടനിർമാണം പൂ​ർ​ത്തി​യാ​യി മാ​സ​ങ്ങ​ളായിട്ടും കെ​ട്ടി​ടന​മ്പ​ർ, വൈ​ദ്യു​തി ക​ണ​ക‌്ഷ​ൻ എ​ന്നി​വ ല​ഭി​ക്കാ​ത്ത​തു​കൊ​ണ്ട് പൂ​ർ​ണ തോ​തി​ൽ തു​റ​ന്നുപ്ര​വ​ർ​ത്തി​പ്പി​ക്കാ​ൻ ആ​വു​ന്നി​ല്ല. ച​മ്പ​ക്കു​ളം മ​ങ്കൊ​മ്പ് റോ​ഡി​നു സ​മീ​പമാണ് ​കെ​ട്ടി​ടം പ​ണി ക​ഴി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

2018ലെ ​പ്ര​ള​യ​ത്തി​നുശേ​ഷം വെ​ള്ള​പ്പൊ​ക്കക്കാല​ത്ത് ക​ന്നു​കാ​ലി​ക​ളു​ടെ സു​ര​ക്ഷ​യെ​ക്ക​രു​തി ക്ഷീ​ര​വി​ക​സ​നവ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ച​മ്പ​ക്കു​ളം പ​ഞ്ചാ​യ​ത്തി​ലെ 10-ാം വാ​ർ​ഡി​ൽ നാ​ല് നി​ല​യി​ലാ​യി കെ​ട്ടി​ടം നി​ർ​മിച്ച​ത്. കോ​ടി​ക​ൾ മു​ട​ക്കി നി​ർ​മി​ച്ച കെ​ട്ടി​ട​ത്തി​ൽ കഴിഞ്ഞ വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ ചു​രു​ക്കും ചി​ല ക​ന്നു​കാ​ലി​ക​ളെ കൊ​ണ്ടു​വ​ന്ന് സം​ര​ക്ഷി​ച്ചു എ​ന്ന​ല്ലാ​തെ മ​റ്റൊ​രു ന​ട​പ​ടി​യും ഉ​ണ്ടാ​യി​ട്ടി​ല്ല.

ച​മ്പ​ക്കു​ളം ക്ഷീ​രോ​ത്പാ​ദ​ക സൊ​സൈ​റ്റി കെ​ട്ടി​ട​ത്തി​ന്‍റെ താ​ഴ​ത്തെ നി​ല​യി​ൽ പ്ര​വ​ർ​ത്തി​ച്ചുവ​രു​ന്നു​ണ്ട്. അ​ടി​യ​ന്തര​മാ​യി കെ​ട്ടി​ടം പൂ​ർ​ണമാ​യും  ഉ​പ​യോ​ഗ​ത്തി​ലാ​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

കോ​ടി​ക​ൾ മു​ട​ക്കി നി​ർ​മിച്ചി​രി​ക്കു​ന്ന കെ​ട്ടി​ടം കാ​റ്റി​ൽ ഷെ​ഡ് മാ​ത്ര​മാ​യി പ​രി​മി​ത​പ്പെ​ടു​ത്താ​തെ ഈ ​നാ​ട്ടി​ലെ നെ​ൽക​ർ​ഷ​ക​ർ​ക്കു കൂ​ടി പ്ര​യോ​ജ​ന​പ്ര​ദ​മാ​കും വി​ധം വി​ത്ത്, നെ​ല്ല് മു​ത​ലാ​യ​വ സം​ഭ​രി​ക്കു​ന്ന​തി​നു കൂ​ടി സൗ​ക​ര്യം ഒ​രു​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും വി​വി​ധ കോ​ണു​ക​ളി​ൽനി​ന്ന് ഉ​യ​രു​ന്നു​ണ്ട്. ചു​രു​ക്കം ചി​ല ക​ന്നു​കാ​ലി​ക​ളെ സം​ര​ക്ഷി​ക്കു​ന്ന​തിനു​വേ​ണ്ടി മാ​ത്ര​മാ​യി ഇ​ത്ര​വ​ലി​യ കെ​ട്ടി​ടം നി​ല​നി​ർ​ത്തു​ന്ന​ത് സ​ർ​ക്കാ​ർ പ​ണം ധൂ​ർ​ത്ത​ടി​ക്കു​ന്ന​തി​നു തു​ല്യ​മാ​ണെന്ന് നാട്ടു കാർ ആരോപിക്കുന്നു. ക്ഷീ​ര​വി​ക​സ​ന, കൃ​ഷിവ​കു​പ്പു​ക​ളു​ടെ ഏ​കോ​പി​പ്പി​ച്ചു​ള്ള പ്ര​വ​ർ​ത്ത​നം ഉ​ണ്ടാ​യാ​ൽ കോ​ടി​ക​ൾ മുതൽമു​ട​ക്കു​ള്ള ഈ ​കെ​ട്ടി​ടം ജ​ന​ങ്ങ​ൾ​ക്ക് കൂ​ടു​ത​ൽ ഉപകാര​പ്ര​ദ​മാ​കും.