രാത്രിയുടെ മറവിൽ പിഐപി കനാൽ ഇടിച്ചുതകർത്തു
1590365
Tuesday, September 9, 2025 11:32 PM IST
കായംകുളം: പമ്പാജലസേചന പദ്ധതിയുടെ കനാൽ ഇടിച്ചുതകർത്തു. ഏകദേശം 27.6 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി ചൂണ്ടിക്കാട്ടി ജല അഥോറിറ്റി അസിസ്റ്റന്റ് എൻജിനിയർ നൽകിയ പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
കായംകുളം നഗരസഭ ആറാം വാർഡിൽ മാവിലേത്ത് എൽപി സ്കൂളിന് പടിഞ്ഞാറ് ഭാഗത്ത് എരുവ കീരിക്കാട് റോഡിനു സമീപമാണ് കനാൽ തകർത്തത്. പമ്പജലസേചന പദ്ധതിയുടെ ഭാഗമായിട്ടുള്ള എരുവ ബ്രാഞ്ച് കനാലിന്റെ 165 മീറ്ററാണ് തകർത്തത്. സർക്കാർ ഭൂമിയിൽ അതിക്രമിച്ചു കയറി ജലസേചനത്തിനായി നിർമിച്ച കനാൽ പൂർണമായും തകർക്കുകയായിരുന്നു. കഴിഞ്ഞദിവസം രാത്രി അതിഥി തൊഴിലാളികളെ ഉപയോഗിച്ച് സ്ഥലത്തെ ഒരുസംഘമാണ് കനാൽ ഇടിച്ചുതകർത്തതെന്നാണ് പരാതി.
കനാലിന് ഇരുവശത്തുകൂടിയും ചെറിയ റോഡുണ്ട്. ഭുമി നിരപ്പിൽനിന്ന് ഉയർന്നാണ് കനാൽ പോകുന്നത്. കനാലിന്റെ രണ്ടു വശത്തും കോൺക്രീറ്റിൽ തീർത്ത സംരക്ഷണഭിത്തികളുണ്ടായിരുന്നു. കോൺക്രീറ്റിൽ തീർത്ത സംരക്ഷണഭിത്തികൾ കൂടം ഉപയോഗിച്ച് അടിച്ചു തകർക്കുകയായിരുന്നു.
അതിഥിതൊഴിലാളികൾ ഉൾപ്പെടെ എട്ടു പേരോളം ഉണ്ടായിരുന്നതായി പ്രദേശവാസികൾ പോലീസിനു മൊഴി നൽകി. പമ്പജലസേചന പദ്ധതിയുടെ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. തുടർന്നാണ് പോലീസിൽ പരാതി നൽകിയത്.