അപകടം പതിയിരിക്കുന്ന പടഹാരം-തകഴി റോഡ്
1590628
Wednesday, September 10, 2025 11:37 PM IST
ചമ്പക്കുളം: മുന്നറിയിപ്പ് ബോർഡുകളോ മറ്റ് അടയാളങ്ങളോ ഇല്ലാതെ അപകടക്കെണിയൊരുക്കി പടഹാരം-തകഴി റോഡ്. റോഡിന്റെ മിക്ക ഭാഗങ്ങളിലും നിർമാണപ്രവർത്തനങ്ങൾ നടക്കുന്നുണ്ടെങ്കിലും സൂചനാ ബോർഡുകളോ മുന്നറിയിപ്പുകളോ ഇല്ലാത്തത് അപകടസാധ്യത വർധിപ്പിക്കുന്നു. കൈനകരി കരുവാറ്റ റോഡിന്റെ ഭാഗമായ റോഡിൽ പടഹാരം സെന്റ് ജോസഫ് പള്ളി മുതൽ തെക്കോട്ട് തകഴി ജംഗ്ഷൻ വരെയുളള ഭാഗത്താണ് അപകടം പതിയിരിക്കുന്നത്.
റോഡിന്റെ ടാറിംഗ് ജോലികൾ പൂർത്തിയാക്കിയെങ്കിലും വശങ്ങളിലെ പണി പൂർത്തിയാകാത്തതാണ് അപകടകാരണം. വശങ്ങളിലെ ബാരിക്കേഡ് നിർമാണവും സൈഡ് വാൾ നിർമാണവും നടന്നുവരുന്നെങ്കിലും രാത്രി യാത്രക്കാർക്ക് ദൃശ്യമാകുന്ന രീതിയിൽ മുന്നറിയിപ്പ് ബോർഡുകൾ ഇവിടെ സ്ഥാപിച്ചിട്ടില്ല. സൈഡ് വാൾ പൂർത്തിയാവാനുള്ള ഇടങ്ങളിൽ പുല്ലുകയറി കിടക്കുന്നതും വളവുകൾ കുഴിയായി കിടക്കുന്നതും യാത്രക്കാർക്ക് ഭീഷണി ഉയർത്തുന്നു.
നെടുമുടി തകഴി പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പടഹാരം പാലം ഗതാഗതയോഗ്യമായതോടെ റോഡിൽ വലിയ വാഹനത്തിരക്ക് അനുഭവപ്പെടുന്നുണ്ട്. എസി റോഡിലെ പള്ളാത്തുരുത്തി പാലത്തിന്റെ നിർമാണവുമായി ബന്ധപ്പെട്ട് ഗതാഗതം തിരിച്ചുവിടുമ്പോൾ വലിയ വാഹനത്തിരക്കാണ് റോഡിൽ അനുഭവപ്പെടുന്നത്. ഭാഗ്യം കൊണ്ടു മാത്രമാണ് വാഹനങ്ങൾ അപകടത്തിൽപ്പെടാതെ കടന്നുപോകുന്നത്.
കഴിഞ്ഞ മൂന്നുമാസത്തിനിടയിൽ നാലു വാഹനങ്ങൾ വശത്തെ തോട്ടിലേക്കും വയലിലേക്കും മറിഞ്ഞ് അപകടത്തിൽപ്പെട്ടിട്ടുണ്ട്. ടോറസ് പോലെയുളള വലിയ ഭാരവാഹനങ്ങൾ കടന്നുപോകുമ്പോൾ റോഡിന്റെ വളവുകളിൽ ചെറിയ വാഹനങ്ങൾക്കക്ക് അപകട ഭീഷണി ഉയരുന്നു. അടിയന്തരമായി വഴിവിളക്കുകൾ സ്ഥാപിക്കുകയും രാത്രിയിലും ദൃശ്യമാകുന്ന തരത്തിൽ മുന്നറിയിപ്പ് ബോർഡുകൾ ആവശ്യമായ ഇടങ്ങളിലെല്ലാം സ്ഥാപിക്കണമെന്നും അതോടൊപ്പം വലിയ ഭാരവാഹനങ്ങൾ റോഡ് പണി പൂർത്തിയാകും വരെ നിരോധിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.