അന്തിമ വോട്ടര്‍പ്പട്ടികയില്‍ പിഴവെന്ന്
1590910
Thursday, September 11, 2025 11:56 PM IST
എടത്വ: അന്തിമ വോട്ടര്‍പ്പട്ടിക ലിസ്റ്റ് പുറത്തുവന്നതോടെ പുതുതായി ലിസ്റ്റില്‍ പേര് ചേര്‍ത്ത പലരുടെയും പേരുകള്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന് ആരോപണം. അന്തിമ വോട്ടര്‍പ്പട്ടിക പ്രഖ്യാപനം വന്നതോടുകൂടി അപേക്ഷ നല്‍കിയിട്ടും ഉള്‍പ്പെടാത്തവര്‍ ഇനിയും ലിസ്റ്റില്‍ കയറിപ്പറ്റാനാവില്ലെന്ന് ആശങ്കയിലാണ്.
തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ആഴ്ചകള്‍ മാത്രം ബാക്കി നില്‍ക്കേ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സെറ്റ് മുഖേന തയാറാക്കി തദ്ദേശ സ്ഥാപനങ്ങള്‍ പ്രസിദ്ധീകരിച്ച അന്തിമ വോട്ടര്‍ പട്ടിക ലിസ്റ്റിലാണ് വീണ്ടും പിഴവ് സംഭവിച്ചത്. ജീവിച്ചിരിക്കുന്ന പല വോട്ടര്‍മാരും ലിസ്റ്റില്‍നിന്ന് പുറംതള്ളിയെന്നും വോട്ടിരട്ടിപ്പ് ഉണ്ടായെന്നുമാണ് പഞ്ചായത്ത് അംഗങ്ങളുടെയും വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെയും ആരോപണം.
പഞ്ചായത്ത് ഇലക്ട്രല്‍ ഓഫീസര്‍മാര്‍ പ്രസീദ്ധീകരിച്ചിരുന്ന ലിസ്റ്റിന്റെ പകര്‍പ്പ് ജനപ്രതിനിധികളും രാഷ്ട്രീയപാര്‍ട്ടികളും വാങ്ങി പരിശോധിച്ചപ്പോഴാണ് പുതിയതായി അപേക്ഷിച്ച പല വോട്ടര്‍മാരും ലിസ്റ്റില്‍ ഇല്ലെന്ന് കണ്ടെത്തിയത്. ആദ്യ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടില്ലാത്ത വോട്ടര്‍മാരും 18 വയസ് പൂര്‍ത്തിയായ പുതിയ വോട്ടര്‍മാരും വോട്ടര്‍പ്പട്ടികയില്‍ പേര് ഉള്‍പ്പെടുത്തുന്നതിന് അപേക്ഷ നല്‍കിയിരുന്ന വോട്ടര്‍മാരെ പഞ്ചായത്ത് അധികൃതര്‍ ഹിയറിംഗിന് വിളിപ്പിച്ചിരുന്നു.
ഹിയറിംഗിനുശേഷം ഇറക്കിയ അന്തിയ വോട്ടര്‍ പട്ടിക ലിസ്റ്റിലാണ് വീണ്ടും പിഴവ് സംഭവിച്ചത്. ജീവിച്ചിരിക്കുന്ന വോട്ടര്‍മാരെ മരണപ്പെട്ട ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയും വോട്ടിരട്ടിപ്പ് നടത്തിയുമാണ് മെമ്പര്‍മാര്‍ ചൂണ്ടിക്കാട്ടുന്നത്. അന്തിമ ലിസ്റ്റില്‍നിന്ന് പുറംതള്ളിയ വോട്ടര്‍മാരെ വീണ്ടും ലിസ്റ്റില്‍ ഉള്‍പ്പെടുത്താനുള്ള സാധ്യതയും കുറവായതിനാല്‍ വോട്ടര്‍മാരും ആശങ്കയിലാണ്.
നിരവധി വോട്ടര്‍മാരാണ് ഇതിനോടകം പരാതിയുമായി രംഗത്ത് വന്നത്. വരും ദിവസങ്ങളില്‍ തെരഞ്ഞെടുപ്പ് നടപടി ക്രമങ്ങളുടെ ഭാഗമായി സംവരണ സീറ്റുകള്‍ നിശ്ചയിച്ച് നല്‍കണം. അന്തിമ ലിസ്റ്റില്‍ വീണ്ടും കടന്നുകൂടിയ പിഴവ് ഇലക്ട്രല്‍ ഓഫീസര്‍മാര്‍ക്കും തലവേദന സൃഷ്ടിക്കുന്നുണ്ട്. അതേസമയം വെബ്സൈറ്റില്‍ അപ്പ്ലോഡാകുന്ന പിഴവാണ് ക്രമക്കേടിന് കാരണമായി ഉദ്ദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നത്.