ഫാർമസിസ്റ്റ് നിയമനം നടക്കുന്നില്ല; ഉദ്യോഗാർഥികളുടെ കാത്തിരിപ്പ് നീളുന്നു
1591142
Friday, September 12, 2025 11:32 PM IST
പൂച്ചാക്കൽ: പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലടക്കം ഫാർമസിസ്റ്റ് നിയമനം നടക്കാത്തതിനെത്തുടർന്ന് റാങ്ക് ലിസ്റ്റിലുള്ള ഉദ്യോഗാർഥികളുടെ കാത്തിരിപ്പ് നീളുന്നു സർക്കാർ ആശുപത്രികളിൽ ആവശ്യത്തിന് ഫാർമസിസ്റ്റുകൾ ഇല്ലാതിരുന്നിട്ടും നിയമനം നടത്താത്തതാണ് പ്രതിന്ധിക്ക് കാരണം.
റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച് വർഷങ്ങൾ കഴിഞ്ഞിട്ടും കാര്യമായ നിയമനങ്ങൾ നടക്കുന്നില്ല എന്നാണ് ലിസ്റ്റിലുള്ളവരുടെ ആരോപണം. നിയമപരമായി നടപ്പിലാക്കേണ്ട പുതിയ തസ്തികകളും കടലാസിൽ ഒതുങ്ങുകയാണ്. നിരവധി ഉദ്യോഗാർഥികളാണ് നിയമനം കാത്തിരിക്കുന്നത്. റാങ്ക് ലിസ്റ്റിന് മുന്ന് വർഷമാണ് കാലാവധി. ഇതിനുള്ളിൽ നിയമനം ലഭിച്ചില്ലെങ്കിൽ ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് ജോലി ലഭിക്കാതെ പോകുന്ന സ്ഥിതിയാണുണ്ടാകുന്നത്.
പ്രധാന ലിസ്റ്റിലും സപ്ലിമെന്ററി ലിസ്റ്റിലുമായി നിരവധിപേരുണ്ട്. ജില്ല, താലൂക്ക് ആശുപത്രികൾ തുടങ്ങിയവയിലാണ് നിയമനം നടക്കേണ്ടത്. ചേർത്തല യുടെ വടക്കൻ മേഖലകളിൽനിന്ന് ഏതാനും പേർക്ക് മാത്രമാണ് ഇത്തരം ആരോഗ്യകേന്ദ്രങ്ങളിൽ നിയമനം ലഭിച്ചിട്ടുള്ളത്. റാങ്ക് ലിസ്റ്റിൽ അർഹരായ ഉദ്യോഗാർഥികൾ ഉള്ളപ്പോഴും പല കേന്ദ്രങ്ങളിലും താത്കാലിക അടിസ്ഥാനത്തിലാണ് ഫാർമസിസ്റ്റുകളെ നിയമിക്കുന്നതെന്നും ആക്ഷേ പമുണ്ട്.
ഒരു കുടുംബാരോഗ്യ കേന്ദ്രത്തിൽ ചുരുങ്ങിയത് രണ്ട് ഫാർമസിസ്റ്റുകൾ വേണം. എന്നാൽ ഇതുപോലുള്ള കേന്ദ്ര ങ്ങളിൽ പിഎസ്സി വഴിയുള്ള ഒരു ഫാർമസിസ്റ്റ് മാത്രമാണുള്ളത്. പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ കുടുംബാരോഗ്യകേന്ദ്രങ്ങളായി ഉയരുമ്പോൾ ഇവിടെ ആവശ്യമായ ഡോക്ടർമാരേയും നഴ്സുമാരേയും ലാബ് ടെക്നീഷ്യന്മാരേയും നിയമിക്കും. എന്നാൽ ഫാർമസിസ്റ്റുകളെ മാത്രം നിയമിക്കാറില്ല. ദിവസേന നൂറുകണക്കിന് രോഗികൾ വന്നുപോകുന്ന ബ്ലോക്ക് പഞ്ചായത്തുതലത്തിൽ പ്രവൃത്തിക്കുന്ന സാമൂഹികാരോഗ്യ കേന്ദ്രങ്ങളിൽ പലയിടത്തും ഫാർമസിസ്റ്റിന്റെ ഒഴിവുകളുണ്ടെങ്കിലും ലിസ്റ്റിലുള്ളവരെ പരിഗണിക്കാറില്ല.
24 മണിക്കൂറും പ്രവൃത്തിക്കുന്ന താലൂക്ക് ആശുപത്രികളിൽ ഫാർമസിസ്റ്റുകളുടെ കുറവുമൂലം മിക്കപ്പോഴും രാത്രി സമയങ്ങളിൽ മരുന്നുകൾ വിതരണം ചെയ്യാറില്ല എന്ന ആക്ഷേപമുണ്ട്. ആശുപത്രികളിൽ എത്തുന്ന മരുന്നുകൾ തരംതിരിച്ചു സൂ ക്ഷിച്ച് രോഗികൾക്ക് വിതരണം ചെയ്യേണ്ടത് ഫാർമസിസ്റ്റുക ളാണ്.
എന്നാൽ ആശുപത്രികളിൽ ആവശ്യത്തിന് ഫാർമസിസ്റ്റുകൾ ഇല്ലാത്തതിനാൽ മറ്റ് ജീവനക്കാരാണ് നിയമവിരുദ്ധമായി മരുന്നുകൾ വിതരണം ചെയ്യുന്നതെന്ന ആരോപണവും ഉയരുന്നുണ്ട്.