ലില്ലി ലയൺസ് സ്പെഷൽ സ്കൂളിൽ അധ്യാപക ദിനാഘോഷം
1591139
Friday, September 12, 2025 11:32 PM IST
ചെങ്ങന്നൂര്‍: ഓണാവധിക്കുശേഷം സ്കൂള്‍ വീണ്ടും തുറന്നപ്പോള്‍, ലില്ലി ലയണ്‍സ് സ്പെഷല്‍ സ്കൂളിലെ കുട്ടികളും രക്ഷിതാക്കളും ചേര്‍ന്ന് അധ്യാപകര്‍ക്കായി ഒരുക്കിയ ചടങ്ങ് വേറിട്ടൊരു അനുഭവമായി. അഞ്ചിന് അധ്യാപക ദിനമായിരുന്നെങ്കിലും അവധിയായതിനാല്‍ ആഘോഷങ്ങള്‍ പിന്നീട് നടത്തുകയായിരുന്നു.
സ്കൂളിലെ 15 അധ്യാപകരെയും ട്രസ്റ്റിമാരുടെയും പിന്തുണക്കാരുടെയും കുടുംബത്തിലെ ഏഴ് അധ്യാപകരെയും ചടങ്ങില്‍ ആദരിച്ചു.
അവരുടെ നിസ്വാർഥമായ സേവനത്തിന് സമൂഹം നല്കിയ അംഗീകാരമായി ഓരോരുത്തര്‍ക്കും ഫലകവും സമ്മാനങ്ങളും നല്കി.
ലയണ്‍സ് ഇന്റര്‍നാഷണല്‍ ഏരിയ ലീഡര്‍ അഡ്വ. എ.വി. വാമന്‍കുമാര്‍ മുഖ്യാതിഥിയായി പങ്കെടുത്തു. അധ്യാപകര്‍ വിദ്യാര്‍ഥികളുടെ ജീവിതം രൂപപ്പെടുത്തുന്നവരാണെന്നും അവരുടെ പ്രയത്നം സമൂഹത്തിന്റെ ഭാവിയെത്തന്നെ നിര്‍ണയിക്കുന്നുവെന്നും അദ്ദേഹം അധ്യാപക ദിന സന്ദേശത്തില്‍ പറഞ്ഞു. അധ്യാപക ദിനാഘോഷത്തിനു ശേഷം വാമന്‍കുമാര്‍ അധ്യാപകര്‍ക്കായി ടീം ബില്‍ഡിംഗ്, റിലേഷന്‍ഷിപ്പ് ബില്‍ഡിംഗ്, കൊളാബറേറ്റീവ് അപ്രോച്ച് എന്നീ വിഷയങ്ങളെക്കുറിച്ച് ക്ലാസുമെടുത്തു.