ചെങ്ങന്നൂർ കെഎസ്ആർടിസി സ്റ്റാൻഡിൽ യാത്രക്കാർ ദുരിതത്തിൽ
1590899
Thursday, September 11, 2025 11:56 PM IST
ചെങ്ങന്നൂർ: പുതിയ കെട്ടിടത്തിനായി പഴയ കെട്ടിടം പൊളിച്ചുമാറ്റിയതോടെ ചെങ്ങന്നൂർ കെഎസ്ആർടിസി സ്റ്റാൻഡിൽ ദുരിതത്തിലായി യാത്രക്കാർ. വെയിലും മഴയും ഏൽക്കാതെ ബസ് കാത്തുനിൽക്കാൻ ഒരിടമില്ലാതെ വലയുകയാണ് യാത്രക്കാർ. താത്കാലിക കാത്തിരിപ്പ് കേന്ദ്രം നിർമിക്കാമെന്ന അധികൃതരുടെ വാഗ്ദാനം പാലിക്കപ്പെടാതെ പോയതാണ് ദുരിതങ്ങൾക്കു കാരണം.
11.5 കോടി രൂപ മുടക്കി 32,000 ചതുരശ്ര അടി വിസ്തീർണത്തിൽ പുതിയ കെട്ടിടസമുച്ചയം നിർമിക്കാനാണ് പദ്ധതി. ഇതിന്റെ ഭാഗമായി പഴയ കെട്ടിടം പൊളിച്ചുനീക്കിയിരുന്നു. എന്നാൽ, പുതിയ കെട്ടിടത്തിന്റെ നിർമാണം തുടങ്ങുന്നതിന് മുമ്പ് ഒരു താത്കാലിക ഷെഡ് സ്ഥാപിക്കുമെന്ന അധികൃതരുടെ ഉറപ്പ് പാഴ്വാക്കായിരുന്നു. ഇതോടെയാണ് യാത്രക്കാർ വെട്ടിലായത്.
വെയിലിൽനിന്നും മഴയിൽനിന്നും രക്ഷനേടാൻ യാത്രക്കാർ അടുത്തുള്ള കടത്തിണ്ണകളിലും കെഎസ്ആർടിസി ഗാരേജിലുമാണ് അഭയം തേടുന്നത്. കൈക്കുഞ്ഞുങ്ങളുമായി യാത്ര ചെയ്യുന്ന അമ്മമാരാണ് ഇതിൽ ഏറ്റവും ദുരിതമനുഭവിക്കുന്നത്. കൂടാതെ, ബസ് വരുമ്പോൾ പെട്ടെന്ന് ഓടേണ്ടിവരുന്നത് പലപ്പോഴും അപകടങ്ങൾക്കു കാരണമാകുന്നുമുണ്ട്.
യാത്രക്കാർക്ക് ആകെയുള്ള ആശ്വാസം ഏതുനിമിഷവും നിലംപതിച്ചേക്കാവുന്ന ഒരു തണൽമരം മാത്രമാണ്. മുമ്പ് ഉപയോഗിച്ചിരുന്ന ഇരിപ്പിടങ്ങൾ പൊട്ടിപ്പൊളിഞ്ഞ അവസ്ഥയിൽ വെളിയിൽ കിടക്കുന്നു. താത്കാലിക കാത്തിരിപ്പ് കേന്ദ്രം നിർമിക്കണമെന്നാവശ്യപ്പെട്ട് പല സംഘടനകളും പ്രതിഷേധ പരിപാടികൾ നടത്തിയിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ല.
43 ബസുകളും രണ്ടു സ്വിഫ്റ്റ് ബസുകളുമായി ദിവസവും 42 ഷെഡ്യൂളുകൾ ഓപ്പറേറ്റ് ചെയ്യുന്ന ഈ സ്റ്റേഷനിൽ ദിവസേന നൂറുകണക്കിന് യാത്രക്കാർ എത്തിച്ചേരുന്നുണ്ട്. താത്കാലിക കാത്തിരിപ്പുകേന്ദ്രത്തിനായി എത്രനാൾ കാത്തുനിൽക്കേണ്ടിവരുമെന്നാണ് യാത്രക്കാരുടെ പ്രധാന ചോദ്യം.
ചെങ്ങന്നൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ കാത്തിരിപ്പു കേന്ദ്രം നിർമിക്കുന്നതിന് എംഎൽഎയുടെ പ്രത്യേക വികസന ഫണ്ടിൽനിന്നും 4.40 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ടെൻഡർ നടപടികൾ പൂർത്തിയാക്കി ഒരുമാസത്തിനകം പണികൾ ആരംഭിക്കും.
11.5 കോടി രൂപ ചെലവഴിച്ച് 32,000 ചതുരശ്ര അടി വിസ്തീർണത്തിൽ സബ് വേയും കടമുറികളും ഉൾപ്പെടുന്ന അന്താരാഷ്ട്ര നിലവാരത്തിലുള്ള പുതിയ ബസ് സ്റ്റാൻഡ് നിർമാണം ഉടൻ ആരംഭിക്കും.
ഇതിനായി ബസ് സ്റ്റാൻഡിലെ 60 വർഷത്തിലേറെ പഴക്കമുണ്ടായിരുന്നു പഴയ കെട്ടിടം പൊളിച്ചുനീക്കിയിരുന്നു. പുതിയ കെട്ടിടനിർമാണം ആരംഭിക്കുന്നതിന് മുന്നോടിയായാണ് യാത്രക്കാരുടെ ബുദ്ധിമുട്ട് പരിഹരിക്കുന്നതിനുവേണ്ടി താത്കാലിക കാത്തിരിപ്പുകേന്ദ്രം നിർമിക്കുന്നത്. പുതിയ കെട്ടിടനിർമാണത്തിന് തടസം ഉണ്ടാകാത്ത വിധത്തിലാകും കാത്തിരിപ്പു കേന്ദ്രം നിർമിക്കുക.
സജി ചെറിയാന് (മന്ത്രി )