അപരന്റെ വിശപ്പകറ്റുക നമ്മുടെ ആത്മീയ ഉത്തരവാദിത്തം: ഡോ. തോമസ് മാർ തീത്തോസ്
1591140
Friday, September 12, 2025 11:32 PM IST
മാന്നാർ: സഹോദരന്റെ വിശപ്പകറ്റുക നമ്മുടെ ആത്മീയ ഉത്തരവാദിത്തമാണെന്നും അപരന്റെ ദുഃഖങ്ങൾ മനസിലാക്കുമ്പോഴെ നാം മനുഷ്യരാകൂ എന്നും ഡോ. തോമസ് മാർ തീത്തോസ് എപ്പിസ്കോപ്പാ പറഞ്ഞു. അന്നവും അക്ഷരവും ആദരവോടെ പങ്കുവയ്ക്കുന്ന അഞ്ചപ്പത്തിന്റെ പുതിയ ശാഖ മാന്നാറിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദേഹം.
ഫാ. ബോബി ജോസ് കട്ടികാട് അധ്യക്ഷത വഹിച്ചു. മാന്നാർ പഞ്ചായത്ത് പ്രസിഡന്റ് ടി.വി. രത്നകുമാരി, ജോസഫ് സി. മാത്യു, അനിൽ ചെറിയാൻ എന്നിവർ പ്രസംഗിച്ചു.
2016-ല് കോഴഞ്ചേരിയിൽ ആരംഭിച്ച അഞ്ചപ്പത്തിന്റെ ഏഴാമത്തെ ശാഖയാണ് മാന്നാറിൽ ആരംഭിച്ചത്. വ്യത്യസ്ത മേഖലകളിൽ പ്രവർത്തിക്കുന്ന സമാനഹൃദയരുടെ കൂട്ടായ്മയായ അഞ്ചപ്പം അന്നവും അക്ഷരവും ആദരവോടെ പങ്കുവയ്ക്കുന്നതാണ് പദ്ധതി. അവഗണിക്കപ്പെടുന്നവരെ ചേർത്തു നിർത്തുന്നതിനും ക്ഷമയോടെ കേൾക്കുന്നതിനും സദാ ശ്രദ്ധയർപ്പിക്കുന്ന ഒരു കൂട്ടം സന്നദ്ധപ്രവർത്തകർ അഞ്ചപ്പത്തിലുണ്ട്. പുസ്തകങ്ങൾ വായിക്കുന്നതിനും ചർച്ച ചെയ്യുന്നതിനും ഇവിടെ ഇടമൊരുക്കിയിട്ടുണ്ട്. മാന്നാർ സ്റ്റോർ ജംഗ്ഷനു തെക്ക് യുഐടിക്ക് എതിർവശത്ത് ചോവലിൽ കൃപാഭവനത്തിൽ സാം ചെറിയാന്റെ ഭവനാങ്കണത്തിലാണ് അഞ്ചപ്പം തുടങ്ങിയത്.