അഷ്ടമിരോഹിണിയിലെ ഉറിയടിക്ക് ഏവൂര്‍ അണിഞ്ഞൊരുങ്ങി
1591149
Friday, September 12, 2025 11:32 PM IST
കായംകുളം: അഷ്ടമിരോഹിണിയിലെ ഉറിയടിക്ക് ഏവൂര്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം അണിഞ്ഞൊരുങ്ങി. പിറന്നാളിന് ഉണ്ണിക്കണ്ണന് അടിച്ചുടയ്ക്കാനുള്ള ഉറികള്‍ ഒരുക്കുന്ന അവസാന ഘട്ടത്തിലാണ് കരക്കാര്. അഷ്ടമിരോഹിണി നാളായ നാളെ ഏവൂര്‍ കണ്ണന് എഴുന്നള്ളുമ്പോള്‍ വീഥികളിലെല്ലാം ഉറികളുയരും. പാട്ടും നൃത്തവുമായി ഗോപസ്ത്രീകള്‍ കണ്ണനെ വരവേല്‍ക്കും.
ആയിരക്കണക്കിന് ഉറികളാണ് ഏവൂര്‍ ക്ഷേത്രകരകളിലെ വിവിധ കേന്ദ്രങ്ങളില്‍ തയാറാക്കിയിരിക്കുന്നത്.
ഉണ്ണിയപ്പം, പാല്, വെണ്ണ, തൈര്, അവല് തുടങ്ങിയ ദ്രവ്യങ്ങള്‍ ഉറികളില്‍ നിറയ്ക്കും. വര്‍ണക്കടലാസ് ഒട്ടിച്ച് അലങ്കരിച്ച്, പലതട്ടുകളായിട്ടാണ് ഉറികള്‍ ഒരുക്കിയിരിക്കുന്നത്. ഏവൂര്‍ തെക്ക്, ഏവൂര്‍ വടക്ക്, ഏവൂര്‍ വടക്കുപടിഞ്ഞാറ് കരകളാണ് ഏവൂര്‍ ക്ഷേത്രത്തിലുള്ളത്. വിവിധ കരകളിലെ ഘോഷയാത്ര കടന്നുവരുമ്പോള്‍ റോഡില്‍ ഉയര്‍ത്തുന്ന ഉറികള്‍ ഉണ്ണിക്കണ്ണന്റെ വേഷമിടുന്ന കുരുന്നുകളാണ് അടിച്ചുടയ്ക്കുന്നത്.
സംഘനൃത്തം, മയിലാട്ടം, അമ്മന്‍കുടം തുടങ്ങിയ കലാരൂപങ്ങള്‍ ഉറിയടി ഘോഷയാത്രയെ ആകര്‍ഷകമാക്കും. വൈകുന്നേരത്തോടെ മൂന്നു കരകളില്‍നിന്നുള്ള ഘോഷയാത്രകള്‍ ക്ഷേത്രനടയിലെത്തും. തുടര്‍ന്ന് ഒന്നിച്ച് ക്ഷേത്രത്തിലേക്ക് എഴുന്നള്ളും. വര്‍ണ്ണവൈവിധ്യം വിതറുന്ന വ്യത്യസ്തമാര്‍ന്ന ഉറികള്‍ ഏവൂര്‍ ഉറിയടി മഹോത്സവത്തിന്റെ സവിശേഷതയാണ്.