സിപിഐ സംസ്ഥാന സമ്മേളനം: ദീപശിഖാ പ്രയാണം
1590361
Tuesday, September 9, 2025 11:32 PM IST
ചേര്‍ത്തല: സിപിഐ സംസ്ഥാന സമ്മേളന നഗരിയില്‍ സ്ഥാപിക്കാനുള്ള ദീപശിഖാ പ്രയാണത്തിന് വിപ്ലവ സ്മരണകളിരമ്പുന്ന വയലാറില്‍ ആവേശകരമായ തുടക്കം. വയലാര്‍ രക്തസാക്ഷി മണ്ഡപത്തില്‍നിന്നു നിരവധി അത്ലറ്റുകളുടെ അകമ്പടിയിലാണ് ദീപശിഖ വയലാര്‍ രക്തസാക്ഷിമണ്ഡപത്തില്‍ നിന്ന് ആലപ്പുഴ വലിയ ചുടുകാട് രക്തസാക്ഷിമണ്ഡപത്തിലെത്തിച്ചത്. വിവിധയിടങ്ങളില്‍ ദീപശിഖാ പ്രയാണത്തിന് പ്രവര്‍ത്തകര്‍ സ്വീകരണം നല്കി.
വയലാര്‍ രക്തസാക്ഷി മണ്ഡപത്തില്‍ എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എന്‍. അരുണിനു ദീപശിഖ കൈമാറി സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി ഇ. ചന്ദ്രശേഖരന് പ്രയാണം ഉദ്ഘാടനം ചെയ്തു. മന്ത്രി പി. പ്രസാദ് അധ്യക്ഷനായി. ജാഥാ ക്യാപ്റ്റന്‍ എന്‍. അരുണ്‍, വൈസ് ക്യാപ്റ്റന്‍ ബിനിത വിന്‍സെന്റ്, ഡയറക്ടര്‍ വിപിന്‍ ഏബ്രഹാം, അംഗങ്ങളായ കെ. ഷാജഹാന്, പി. ദര്‍ശിത്, നേതാക്കളായ ടി.ജെ. ആഞ്ചലോസ്, പി.വി. സത്യനേശന്, ടി.ടി. ജിസ്മോന്, ദീപ്തി അജയകുമാര്‍, ഡി. സുരേഷ് ബാബു, എന്‍.എസ്. ശിവപ്രസാദ്, എം.കെ. ഉത്തമന്, എം.സി. സിദ്ധാര്ഥന്, ബി. ബിമല്‍റോയി തുടങ്ങിയവര്‍ പങ്കെടുത്തു.