പട്ടാപ്പകൽ കാണിക്കവഞ്ചി തകർത്ത് മോഷണം
1590632
Wednesday, September 10, 2025 11:37 PM IST
അന്പലപ്പുഴ: മസ്ജിദിൽ പട്ടാപ്പകൽ മോഷണം. കാണിക്കവഞ്ചി തകർത്ത് പണം കവർന്നു. നീർക്കുന്നം കിഴക്കേ മഹൽ ജമാ അത്തിലാണ് മോഷണം നടന്നത്. ചങ്ങലയിൽ പൂട്ടിട്ട നിലയിലായിരുന്നു കാണിക്കവഞ്ചി. ഇത് തകർക്കുകയായിരുന്നു. ഉച്ചയോടെയാണ് കാണിക്കവഞ്ചി നഷ്ടപ്പെട്ടത് മസ്ജിദ് ഭാരവാഹികളുടെ ശ്രദ്ധയിൽപ്പെടുന്നത്. തുടർന്ന് സിസിടിവി പരിശോധിച്ചപ്പോഴാണ് മോഷണദൃശ്യം കണ്ടത്.
മുഖംമൂടി ധരിച്ച ഒരാളാണ് മോഷണം നടത്തിയതെന്ന് മസ്ജിദിലെ സിസിടിവി ദൃശ്യത്തിൽ കണ്ടെത്തിയിട്ടുണ്ട്. രാവിലെ 9.47 നാണ് മോഷണം നടന്നിരിക്കുന്നത്. മുഖം മറച്ച ഒരാൾ മസ്ജിദിലൂടെ നടന്നുപോകുന്നത് ദൃശ്യത്തിലുണ്ട്. തൊട്ടടുത്ത വീട്ടിലെ സിസിടിവി ദൃശ്യത്തിൽ ഇയാൾ റോഡിലൂടെ ബൈക്കിൽ വന്നിറങ്ങുന്നതും കാണാം.
ഇതിനുശേഷം ഏകദേശം 2 കി. മീറ്ററിനു സമീപമുള്ള ആഞ്ഞിലിപ്പുറം തൈക്കാവ് മസ്ജിദിലും രാവിലെ 10. 10ന് എത്തിയതായി സിസിടിവി ദൃശ്യത്തിൽ വ്യക്തമാണ്. മസ്ജിദിലെ ജീവനക്കാരൻ ചോദിച്ചപ്പോൾ ടോയ്ലറ്റിൽ വന്നതാണെന്ന മറുപടിയാണ് പറഞ്ഞത്. അമ്പലപ്പുഴ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി അന്വേഷണം ആരംഭിച്ചു.
ഏതാനും ആഴ്ച മുൻപ് അമ്പലപ്പുഴ അടിമന ക്ഷേത്രത്തിലും കാണിക്കവഞ്ചികൾ തകർത്ത് പണം കവർന്നിരുന്നു. ഇതിലെ പ്രതിക്കായി അന്വേഷണം നടത്തുന്നതിനിടെയിലാണ് മസ്ജിദിൽ മോഷണം നടക്കുന്നത്.