എടത്വ സിഎച്ച്സി വികസനത്തിന് പച്ചക്കൊടി; ഉടമസ്ഥാവകാശ പ്രശ്നം പരിഹരിച്ചു
1591644
Sunday, September 14, 2025 11:13 PM IST
എടത്വ: പൊതുജനങ്ങളുടെ വളരെക്കാലത്തെ ആവശ്യങ്ങള്‍ക്കു പരിഹാരമാകുന്നു. എടത്വ സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ വികസനത്തിന് പച്ചക്കൊടി. ഭൂമിയുടെ ഉടമസ്ഥാവകാശ പ്രശ്നം പരിഹരിച്ചു. മാവേലിക്കര ലോക്സഭാ മണ്ഡലത്തിലെ ആരോഗ്യ അടിസ്ഥാന സൗകര്യങ്ങളുടെ വളര്‍ച്ചയ്ക്ക് വഴിതെളിക്കുന്ന തരത്തില്‍ എടത്വ സിഎച്ച്സിയുടെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ടിരുന്ന ദീര്‍ഘകാല പ്രശ്നം പരിഹരിച്ചതായി കൊടിക്കുന്നില്‍ സുരേഷ് എംപി.
എടത്വ സെന്റ് ജോര്‍ജ് ഫൊറോനാ പള്ളി വിട്ടുകൊടുത്ത സ്ഥലത്ത് പ്രവര്‍ത്തിച്ചുവരുന്ന കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന്റെ വികസനത്തിനായി ദേശീയ ആരോഗ്യ ദൗത്യം മുഖേന 5.5 കോടി രൂപയുടെ സമഗ്ര പദ്ധതി തയാറായിട്ടുണ്ട്. ഭൂമിയുടെ ഉടമസ്ഥാവകാശം ഇപ്പോഴും പള്ളിയുടെ ഉടമസ്ഥതയിലായതിനാല്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്കു നിയമപരമായ തടസം നേരിടുകയായിരുന്നു. ഇതേത്തുടര്‍ന്ന് കഴിഞ്ഞ മൂന്നിനു നടന്ന പ്രതിനിധി യോഗത്തില്‍ ചങ്ങനാശേരി അതിരൂപത ഭൂമിയുടെ ഉടമസ്ഥാവകാശം സംസ്ഥാന സര്‍ക്കാരിലേക്ക് സൗജന്യമായി കൈമാറാന്‍ തീരുമാനിക്കുകയും ആവശ്യമായ പിന്തുണ നല്‍കുമെന്നും അറിയിച്ചു.
ചങ്ങനാശേരി അതിരൂപത മെത്രാപ്പോലീത്ത മാര്‍ തോമസ് തറയില്‍, എടത്വ സെന്റ് ജോര്‍ജ് ഫൊറോന പള്ളി വികാരി ഫാ. ഫിലിപ്പ് വൈക്കത്തുകാരന്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് ചര്‍ച്ച നടത്തിയത്.
പദ്ധതിയുടെ ഭാഗമായി ഹെല്‍ത്ത് സെന്ററിന് ആധുനിക ഔട്ട് പേഷ്യന്റ് വിഭാഗം, ലബോറട്ടറി സൗകര്യങ്ങള്‍, മാതൃ-ശിശു ആരോഗ്യ വിഭാഗം, അടിയന്തര ചികിത്സാ വിഭാഗം, പാര്‍ക്കിംഗ് സൗകര്യങ്ങള്‍ എന്നിവ സജ്ജീകരിക്കുന്നതാണ്. ഇതോടെ എടത്വയിലും സമീപ പ്രദേശത്തുമുള്ള ആയിരക്കണക്കിന് ജനങ്ങള്‍ക്ക് പ്രയോജനം ലഭിക്കും. പുതിയ തീരുമാനം എടത്വ മേഖലയിലെ ആരോഗ്യ സൗകര്യങ്ങളുടെ നിലവാരം ഉയര്‍ത്തുന്നതില്‍ വലിയ ചുവടുവയ്പായിരിക്കുമെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി പറഞ്ഞു.