ആലപ്പുഴ മെഡിക്കൽ കോളജിലെ ശ്വാസകോശ വിഭാഗം പുരസ്കാര നിറവിൽ
1591642
Sunday, September 14, 2025 11:13 PM IST
അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കല്‍ കോളജിലെ ശ്വാസകോശ വിഭാഗം പുരസ്കാര നിറവില്‍. കുമരകത്ത് നടന്ന ശ്വാസകോശ വിദഗ്ധരുടെ ദേശീയ സമ്മേളനമായ "പള്‍മോകോണ്‍ 2025' നോടനുബന്ധിച്ച് ശ്വാസകോശ വിഭാഗം ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികള്‍ക്കായി നടത്തിയ മത്സരങ്ങളില്‍ ആലപ്പുഴ ഗവണ്മെന്റ് മെഡിക്കല്‍ കോളജിലെ ശ്വാസകോശ വിഭാഗം ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികള്‍ മികച്ച നേട്ടം കൈവരിച്ചു.
കഴിഞ്ഞ വര്‍ഷത്തെ മികച്ച ഗവേഷണ പഠനത്തിന് രാജ്യാന്തര ശ്വാസകോശ വിദഗ്ധന്‍ ഡോ. ടി. മോഹന്‍കുമാര്‍ ഏര്‍പ്പെടുത്തിയ അവാര്‍ഡ് ക്ഷയരോഗികളില്‍ ചികിത്സയ്ക്കു ശേഷവും കണ്ടുവരുന്ന പ്രശ്നങ്ങള്‍ മുന്‍കൂട്ടി തടയാന്‍ കഴിയുന്നതെങ്ങിനെ എന്നതിനെക്കുറിച്ചുള്ള പഠനത്തിന് സീനിയര്‍ റെസിഡന്റ് ഡോ. വി.ബി. അഞ്ജലിക്കു ലഭിച്ചു.
നെഞ്ചിന്റെ എക്സ്-റേ പരിശോധനയില്‍ ക്ഷയരോഗ ചികിത്സയ്ക്കുശേഷവും പാടുകള്‍ കണ്ടുവരുന്നത് നിരവധിപ്പേരുടെ വിദേശജോലി സാധ്യതയെ ബാധിക്കുന്ന ഒന്നാണ്. പാടുകള്‍ ഉണ്ടാകാനുള്ള സാധ്യത ഘടകങ്ങള്‍ കണ്ടെത്തി തടയാന്‍ കഴിയുന്നത് ആയിരങ്ങള്‍ക്ക് സഹായകരമായിരിക്കുമെന്ന് ജഡ്ജിംഗ് കമ്മിറ്റി വിലയിരുത്തി. ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികള്‍ക്കായുള്ള ഗവേഷണ പ്രബന്ധ മത്സരത്തില്‍ രണ്ടാം സ്ഥാനം അവസാന വര്‍ഷ എംഡി വിദ്യാര്‍ഥിനി ഡോ. അലിഡ ഫ്രാന്‍സിസും മൂന്നാം സ്ഥാനം രണ്ടാം വര്‍ഷ എംഡി വിദ്യാര്‍ഥി ഡോ. റജ അഷ്ജാനും നേടി.
ക്വിസ് മത്സരത്തില്‍ ആലപ്പുഴയിലെ ശ്വാസകോശ വിഭാഗം ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികളായ ഡോ. ആന്‍ മരിയ ജോണ്സണ്, ഡോ. റജ അഷ്ജാന്‍ എന്നിവര്‍ മൂന്നാം സ്ഥാനം കരസ്ഥമാക്കി.
വിജയികള്‍ക്കുള്ള സമ്മാനവും സര്‍ട്ടിഫിക്കറ്റുകളും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് ഡോ. കെ.എ. ശ്രീവിലാസന്‍ എപിസിസിഎം പ്രസിഡന്റ് ഡോ. സഞ്ജീവ് നായര്‍ എന്നിവര്‍ സമ്മാനിച്ചു.
വിദ്യാര്‍ഥികള്‍ക്കു ലഭിച്ച പുരസ്കാരങ്ങള്‍ക്കു പുറമേ മികച്ച പ്രവര്‍ത്തനത്തിനും ഗവേഷണ ശില്പശാല സംഘാടനത്തിനുമുള്ള പ്രസിഡന്റിന്റെ പ്രത്യേക പുരസ്കാരം ശ്വാസകോശ വിഭാഗം പ്രഫ. ഡോ. പി.എസ്. ഷാജഹാന് ലഭിച്ചു.
ആലപ്പുഴ മെഡിക്കല്‍ കോളജിന്റെ അഭിമാനം ദേശീയതലത്തില്‍ ഉയര്‍ത്തിപ്പിടിച്ച ശ്വാസകോശ വിഭാഗത്തെയും വിദ്യാര് ഥികളെയും പ്രിന്‍സിപ്പല്‍ ഡോ. ബി. പദ്മകുമാര്‍ അഭിനന്ദിച്ചു.