ഫാ. ആന്റണി പോരൂക്കരയുടെ സുവർണ ജൂബിലി ഇന്ന്
1591638
Sunday, September 14, 2025 11:13 PM IST
ചമ്പക്കുളം: 1975 ഡിസംബർ 23നു ചമ്പക്കുളം കല്ലൂർക്കാട് പള്ളിയിൽ നടന്ന ആദ്യ പൗരോഹിത്യ സ്വീകരണ ശുശ്രൂഷയിലൂടെ വൈദികനായി അഭിഷേകം ചെയ്യപ്പെട്ട ചമ്പക്കുളം കല്ലൂർക്കാട് ഇടവകാംഗം ഫാ. ആന്റണി പോരുക്കരയുടെ പൗരോഹിത്യ സ്വീകരണ സുവർണ ജൂബിലി ആഘോഷം ഇന്ന് ദൈവകരുണയുടെ മക്കളോടൊപ്പം കുന്നന്താനത്തെ പ്രത്യാശാഭവനിൽ. 1975 വരെ സാധാരണയായി പൗരോഹിത്യ സ്വീകരണം പൊതുവായി ഒരു കേന്ദ്രത്തിലും നവപൂജാർപ്പണം വൈദികരുടെ സ്വന്തം ഇടവകയിലുമാണ് നടത്തിവന്നിരുന്നത്.
എന്നാൽ ചങ്ങനാശേരി അതിരൂപതയ്ക്ക് പുതിയ സഹായ മെത്രാനായി മാർ ജോസഫ് പവ്വത്തിൽ നിയമിതനായതോടുകൂടി പുരോഹിതാർഥികളുടെ ഇടവകയിൽ തന്നെ പട്ടം നല്കുന്ന രീതി നടപ്പിലാക്കി. അങ്ങനെ ആദ്യമായി ചമ്പക്കുളം കല്ലൂർക്കാട് പള്ളിയിൽ പൗരോഹിത്യ സ്വീകരണവും നവപൂജാർപ്പണവും ഒന്നിച്ച് നടത്തപ്പെട്ടത് ഫാ. ആന്റണി പോരൂക്കരയുടേതായിരുന്നു.
താപസ ചൈതന്യ പൂർണതയിൽ പൗരോഹിത്യശുശ്രൂഷയിൽ അഞ്ച് പതിറ്റാണ്ടുകൾ പൂർത്തിയാക്കുന്ന ആന്റണി അച്ചൻ കഴിഞ്ഞ ഒന്നര വർഷമായി കുന്നന്താനത്തെ ദൈവകരുണയുടെ മക്കളുടെ ആത്മീയ ശുശ്രൂഷയിലാണ്. പൗരോഹിത്യ സ്വീകരണം മുതൽ ദരിദ്രരുടെ പക്ഷംചേർന്ന് പ്രവർത്തിച്ചു വന്ന അച്ചന്റെ സേവനകാലത്തിൽ നല്ല ഭാഗം ഇപ്പോഴത്തെ തക്കല രൂപതയിൽ ഉൾപ്പെട്ട കന്യാകുമാരി മിഷനിലായിരുന്നു.
ജൂബിലി ആഘോഷങ്ങളോടു താത്പര്യം ഉണ്ടായിരുന്നില്ലെങ്കിലും ദൈവപരിപാലനയുടെ മക്കൾ എന്ന സന്യാസിനീ സമൂഹത്തിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന സ്ഥാപനത്തിലെ അന്തേവാസികളുടെ നിർബന്ധം കൊണ്ട് മാത്രമാണ് ജൂബിലി ആഘോഷം വളരെ ലളിതമായിട്ടെങ്കിലും നടത്താൻ തയാറാകുന്നത്. തിങ്കളാഴ്ച രാവിലെ 10.30 ന് കുന്നന്താനം പ്രത്യാശാ ഭവനിൽ നടക്കുന്ന ജൂബിലി വിശുദ്ധ കുർബാനയിൽ അഭിവന്ദ്യ ചങ്ങനാശേരി അതിരൂപതാധ്യക്ഷൻ മാർ തോമസ് തറയിൽ ജൂബിലി സന്ദേശം നല്കും, അതിരൂപതാ മുൻ അധ്യക്ഷൻ മാർ ജോസഫ് പെരുന്തോട്ടം ജൂബിലി സമ്മേളനം ഉദ്ഘാടനം ചെയ്യും.
സിഎംഐ സഭാസ്ഥാപക പിതാക്കളിൽ ഒരാളായ പോരൂക്കര തോമ്മാ മല്പാന്റെ പിൻമുറക്കാരനായ ഫാ. ആന്റണി പോരൂക്കര എവിടെയൊക്കെ വൈദികനായി സേവനം അനുഷ്ഠിച്ചോ അവിടെയെല്ലാം അവഗണിക്കപ്പെട്ടവരുടെ ഉന്നമനത്തിനു വേണ്ടിയുള്ള പരിശ്രമത്തിലായിരുന്നു.
2024-ൽ 75 വയസ് പൂർത്തിയാക്കി സ്ഥിര ഇടവക വൈദിക ശുശ്രൂഷയിൽനിന്നും വിരമിച്ച അദ്ദേഹം 150-ൽ അധികം വരുന്ന ഭിന്നശേഷിക്കാരെ സംരക്ഷിക്കുന്ന ദൈവപരിപാലനയുടെ മക്കളുടെ ഈ കേന്ദ്രത്തെ ശുശ്രൂഷയ്ക്കായി തെരഞ്ഞെടുത്തതുതന്നെ തന്റെ ശുശ്രൂഷയുടെ ശ്രേഷ്ഠതകൊണ്ടു മാത്രമാണ്. ഏറ്റവും അടുത്ത കുടുംബാംഗങ്ങളോടും മേലധികാരികളോടും പ്രത്യാശാഭവനിലെ അന്തേവാസികളോടുമൊപ്പം ഇന്നു ജൂബിലി ആഘോഷിക്കും.