വിനോദയാത്രയ്ക്കിടെ ഹൗസ്ബോട്ട് കത്തിനശിച്ചു
1591411
Saturday, September 13, 2025 11:31 PM IST
മങ്കൊമ്പ്: ഓടിക്കൊണ്ടിരുന്ന ഹൗസ് ബോട്ടിനു തീപിടിച്ചു. യാത്രക്കാർ അപകടമില്ലാതെ രക്ഷപ്പെട്ടു. ഇന്നലെ വൈകുന്നേരം മൂന്നോടെ ചിത്തിര പള്ളിക്കു സമീപം വേമ്പനാട്ടുകായലിലാണ് സംഭവം. ബംഗളൂരു സ്വദേശികളായ ദമ്പതികളുമായി ഉല്ലാസയാത്ര നടത്തിയ ബോട്ടിലാണ് അഗ്നിബാധയുണ്ടായത്. എൻജിൻ ഭാഗത്തു തീപടരുന്നതു കണ്ട ബോട്ടിലെ ജീവനക്കാരുടെ സമയോചിതമായ ഇടപെടലിനെത്തുടർന്നാണ് ദുരന്തം ഒഴിവായത്.
തീ പടരുന്നതുകണ്ട ജീവനക്കാർ ബോട്ടു കരയ്ക്കടുപ്പിച്ചു യാത്രക്കാരെ സുരക്ഷിതമായി കരയ്ക്കിറക്കുകയായിരുന്നു. എന്നാൽ, ശക്തമായ കാറ്റുണ്ടായിരുന്നതിനാൽ തീ ആളിപ്പടർന്നു ബോട്ടു പൂർണമായും കത്തിനശിക്കുകയായിരുന്നു. വിവരമറിഞ്ഞു പുളിങ്കുന്ന് പോലീസും ആലപ്പുഴയിൽനിന്നു ഫയർഫോഴ്സ് സംഘവുമെത്തി തീയണക്കാൻ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. ടൂറിസം പോലീസും സ്ഥലത്തെത്തിയിരുന്നു. പിന്നീട് യാത്രക്കാരെ മറ്റൊരു ഹൗസ്ബോട്ടിൽ കുമരകത്തെ റിസോർട്ടിലെത്തിച്ചു.