റെയിൽവേ സ്റ്റേഷനു മുന്നിൽ ഫ്ളൈ ഓവർ: നഗരസഭയുടെ നേതൃത്വത്തില്‍ ജനകീയ ധര്‍ണ
1591922
Monday, September 15, 2025 11:45 PM IST
ചേർത്തല: റെയിൽവേ സ്റ്റേഷനുമുന്നിൽ ഫ്ളൈ ഓവർ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ചേർത്തല നഗരസഭയുടെ നേതൃത്വത്തിൽ ജനകീയ ധര്‍ണ നടത്തി. ജനകീയ സമരത്തില്‍ ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ നഗരസഭയിലെ മുഴുവന്‍ കൗണ്‍സിലര്‍മാരും പങ്കെടുത്തു.
റെയില്‍വേ സ്റ്റേഷന് മുന്നിലെ ദേശീയപാത നിര്‍മാണം പൂര്‍ത്തിയായാല്‍ സര്‍വീസ് റോഡിലൂടെ മാത്രമാകും യാത്രക്കാര്‍ക്ക് പ്രവേശിക്കാന്‍ കഴിയുക. ദിവസവും പതിനായിരത്തിലധികം യാത്രക്കാർ എത്തിച്ചേരുന്നതും ദേശീയപാതയോട് ചേർന്ന് സ്ഥിതി ചെയ്യുന്നതുമായ ജില്ലയിലെ ഏക സ്റ്റേഷനാണ് ചേർത്തല റെയിൽവേ സ്റ്റേഷൻ.
നഗരസഭയുടെ നിർദിഷ്ട മൊബിലിറ്റി ഹബ്ബ് വരുന്നതും റെയിൽവേ സ്റ്റേഷന് എതിർവശത്തായിട്ടാണ്. എന്നാല്‍, റെയില്‍വേ സ്റ്റേഷനു മുന്നില്‍ അടിപ്പാത നിര്‍മിക്കാത്തതിനാല്‍ ദേശീയപാത മുറിച്ചുകടക്കണമെങ്കില്‍ ഇരുവശങ്ങളിലേക്കും ഒരു കിലോമീറ്റര്‍ ദൂരം സഞ്ചരിക്കേണ്ട സ്ഥിതിയാകും. നിര്‍മാണം പൂര്‍ത്തിയാകുമ്പോള്‍ ബസ് നിര്‍ത്താന്‍ പോലും സ്ഥലമില്ലാതെ വരുന്നതിനാല്‍ ബസ് യാത്രക്കാര്‍ക്കും ഏറെ ബുദ്ധിമുട്ട് നേരിടേണ്ടിവരും.
ദേശീയപാതയുടെ ഒരു ഭാഗം പൂർണമായും അടച്ചുകെട്ടി നിർമാണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഇതേത്തുടര്‍ന്നാണ് ചേര്‍ത്തല റെയിൽവേ സ്റ്റേഷനു മുന്നിൽ ഫ്ളൈ ഓവർ സ്ഥാപിക്കണമെന്ന ആവശ്യം ഉയര്‍ന്നത്. ഈ ആവശ്യത്തിന് വിവിധ രാഷ്ട്രീയ-സാമൂഹ്യ പ്രവര്‍ത്തകരുടെയും പിന്തുണ ലഭിച്ചതോടെയാണ് ജനകീയ ആവശ്യം ഉന്നയിച്ച് നഗരസഭയും മുന്നിട്ടറിങ്ങിയത്.
ഇന്നലെ നടന്ന പ്രതിഷേധസമരം നഗരസഭാ ചെയർപേഴ്സൺ ഷേർളി ഭാർഗവൻ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ ടി.എസ്. അജയകുമാർ അധ്യക്ഷത വഹിച്ചു. യുഡിഎഫ് ജില്ലാ ചെയർമാൻ സി.കെ. ഷാജിമോഹൻ, പി. ഷാജി മോഹൻ, പി. ഉണ്ണികൃഷ്ണൻ, കെ.സി. ആന്റണി, സി.ഡി. ശങ്കർ, സി.വി. തോമസ്, ഷീജ സന്തോഷ്, ലിസി ടോമി, സതീഷ്കുമാർ, വേളോർവട്ടം ശശികുമാർ, ഷമ്മി ജോസഫ്, എസ്. ശിവൻപിള്ള, എ.എസ്. സാബു, കെ.പി. പ്രകാശൻ എന്നിവർ പ്രസം ഗിച്ചു.