മദ്യലഹരിയില്‍ മക്കൾ ക്രൂരമായി മര്‍ദിച്ച പിതാവ് മരിച്ചു
1591920
Monday, September 15, 2025 11:45 PM IST
ചേര്‍ത്തല: മദ്യലഹരിയില്‍ മക്കള്‍ ക്രൂരമായി മര്‍ദിച്ച കേസിലെ പിതാവ് മരിച്ചു. പട്ടണക്കാട് പഞ്ചായത്ത് എട്ടാം വാര്‍ഡ് ചന്ദ്രനിവാസില്‍ ചന്ദ്രശഖരന്നായരാ (73)ണ് വൃദ്ധസദനത്തില്‍ ഞായറാഴ്ച രാവിലെ 11ന് മരിച്ചത്. ചന്ദ്രശേഖരന് നായരുടെ ഇരട്ട മക്കളായ അഖില്‍ (31), നിഖില്‍ (31) എന്നിവര്‍ കഴിഞ്ഞ 24ന് വീട്ടില്‍ മദ്യപിച്ച് എത്തി മര്‍ദിക്കുകയായിരുന്നു. കൈകൊണ്ട് ചന്ദ്രശേഖരന് നായരുടെ ശരീരത്ത് അടിക്കുകയും മാപ്പ് പറയണമെന്നാവശ്യപ്പെട്ട് കട്ടിലില്‍നിന്നു വലിച്ചിഴയ്ക്കുകയും തലയില്‍ മര്‍ദിക്കുകയും കഴുത്തിനുപിടിച്ചു തിരിക്കുകയും ചെയ്തു.
പ്രാണഭയത്താല്‍ ഒന്നും ശബ്ദിക്കാനാകാത്ത നിലയിലായിരുന്നു ചന്ദ്രശേഖരന്. സമീപമുണ്ടായിരുന്ന മാതാവിനും ഒന്നും ചെയ്യാനാവാത്ത അവസ്ഥയിലായിരുന്നു. അഖില്‍ ചന്ദ്രശേഖരന് നായരെ മര്‍ദിക്കുന്നതിനിടയില്‍ നിഖില്‍ മൊബൈല്‍ ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ഇത് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തു.
പിതാവിനെ മര്‍ദിച്ച വിവരം അറിഞ്ഞ് മറ്റു മക്കളായ പ്രവീണും സൂരജും ചേര്‍ന്ന് പിന്നീട് പട്ടണക്കാട് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതെത്തുടര്‍ന്ന് പട്ടണക്കാട് പോലീസ് ഇരുവരെയും അറസ്റ്റ് ചെയ്യുകയും സ്ഥിരമായി മക്കളുടെ മര്ദനമേല്ക്കാറുള്ള ചന്ദ്രശേഖരനെ വീട്ടില്‍ താമസിപ്പിക്കുന്നത് ഉചിതമല്ലെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് 11-ാം മൈലിന് സമീപമുള്ള വൃദ്ധസദനത്തില്‍ പാര്‍പ്പിക്കുകയും ചെയ്യുകയായിരുന്നു. ചന്ദ്രശേഖരന് നായര്‍ മരിച്ചതിനെത്തുടര്‍ന്ന് അര്‍ത്തുങ്കല്‍ പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. അതേസമയം മര്‍ദനത്തില്‍ ഉണ്ടായ പരിക്ക് മൂലമല്ല മരണകാരണമെന്ന് പോലീസ് പറയുന്നു.