വണ്ടി പാര്‍ക്കിംഗിന് മുണ്ടയ്ക്കൽ പാലം!
1592738
Thursday, September 18, 2025 10:41 PM IST
ചമ്പക്കുളം: കോടികള്‍ മുടക്കി കൈനകരി പഞ്ചായത്തില്‍ പമ്പാനദിക്കു കുറുകെ നിര്‍മിച്ച മുണ്ടയ്ക്കല്‍ പാലം വാഹന പാര്‍ക്കിംഗിനുള്ള സ്ഥലമായി മാറിയിരിക്കുന്നു. കുട്ടനാട്ടിലെ പല പാലങ്ങളിലും വെള്ളപ്പൊക്ക സമയത്തു വാഹനങ്ങൾ പാലങ്ങളില്‍ സൂക്ഷിക്കാറുണ്ട്. എന്നാല്‍, വെള്ളപ്പൊക്കമായാലും വേനലായാലും മുണ്ടയ്ക്കല്‍ പാലത്തില്‍ പാർക്കിംഗിനു തടസമില്ല. കാരണം, പാലംകൊണ്ട് വഴി തീരുകയാണ്.
പാലത്തിന്റെ പടിഞ്ഞാറേ കരയില്‍നിന്ന് കിഴക്കേ കരയിലെത്തിയാല്‍ പിന്നെ വാഹനം പോകണമെങ്കില്‍ നാട്ടുകാര്‍ മുന്‍കൈ എടുത്തു നിര്‍മിച്ച ഓട്ടോ റോഡ് മാത്രമാണ് ശരണം.
ചാമ്പ്യന്‍സ് ബോട്ട് ലീഗിന്റെ അഞ്ചാം പതിപ്പിന്റെ ആദ്യമത്സരം ഇന്ന് ഉദ്ഘാടനം ചെയ്യപ്പെടുന്നത് കൈനകരിയിലാണ്. മുണ്ടയ്ക്കല്‍ പാലത്തിനു സമീപത്താണ് വള്ളംകളിയുടെ ഫിനിഷിംഗ് പോയിന്റ്. വള്ളംകളി ഉദ്ഘാടനം ചെയ്യുന്നത് വിനോദസഞ്ചാര, പൊതുമരാമത്ത് മന്ത്രിയും. പാലത്തിന്റെ സ്ഥിതി മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.
അഞ്ചുവർഷം
കഴിഞ്ഞിട്ടും
2015ല്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മുണ്ടയ്ക്കല്‍ പാലത്തിന്റെ നിര്‍മാണോദ്ഘാടനം നിര്‍വഹിക്കുമ്പോള്‍ ജനങ്ങള്‍ പ്രതീക്ഷയിലായിരുന്നു. പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയിട്ട് അഞ്ചു വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പമ്പയുടെ കിഴക്കേ കരയില്‍ റോഡ് ഇന്നും സ്വപ്നം മാത്രം. പല റോഡുകളുടെയും പേരുകള്‍ പറയുന്നെങ്കിലും ഒന്നും ഇതുവരെ പൂര്‍ത്തിയായിട്ടില്ല. പ്രകൃതിഭംഗിക്കു കീര്‍ത്തി കേട്ട കൈനകരിയിലെ പാടശേഖരങ്ങളും കായലുകളും സന്ദര്‍ശിക്കാന്‍ നിരവധി വിനോദസഞ്ചാരികളാണെത്തുന്നത്.
വഞ്ചി വീടുകളില്‍ കായല്‍ സഞ്ചാരം നടത്തുകയെന്നത് അപ്രായോഗികവും സാമ്പത്തിക ബാധ്യതയും വരുത്തുന്നതുമായതിനാൽ യാത്രാസൗകര്യത്തിന്റെ അഭാവത്തില്‍ കായല്‍ കാഴ്ചകള്‍ ഒഴിവാക്കുകയാണ് പതിവ്.
കേരളത്തിലെ ആദ്യവിശുദ്ധന്‍ ചാവറ കുര്യാക്കോസ് ഏലിയാസന്റെ ജന്മഗൃഹത്തിലേക്കും ഈ പാലത്തില്‍നിന്ന് ഒരു കിലോമീറ്റര്‍ മാത്രമാണ് ദൂരം. എന്നാല്‍, ഇവിടെ എത്താന്‍ ഏക ആശ്രയം ഒരു ഓട്ടോ റോഡ് മാത്രമാണ്. അത് പകുതിയോളം സിഎംഐ സമൂഹം നേരിട്ടു നിർമിച്ചതും.
കൈനകരിയെ
കൈവിടരുത്
പ്രകൃതി സൗന്ദര്യം കൈനകരിക്ക് ആവോളം ഉണ്ടെങ്കിലും അതു പ്രയോജനപ്പെടുത്താന്‍ വേണ്ട സൗകര്യങ്ങള്‍ ഒരുക്കാനാകുന്നില്ല.
ദീര്‍ഘകാലമായി കൈനകരി ഗ്രാമപഞ്ചായത്ത് ഭരണം സിപിഎം നേതൃത്വത്തിലുള്ള ഇടതുപക്ഷത്തിനാണ്. മുണ്ടയ്ക്കല്‍ പാലത്തിന്റെ നിര്‍മാണ ലക്ഷ്യം പൂര്‍ത്തിയാകണമെങ്കില്‍ ഇവിടെ നിര്‍ദേശിക്കപ്പെട്ടിരിക്കുന്ന അനുബന്ധ റോഡുകള്‍ സമയബന്ധിതമായി നിര്‍മാണം പൂര്‍ത്തിയാക്കണം.
അതിനാണ് പൊതുമരാമത്ത് മന്ത്രി ഈ പാലം വന്നു കാണണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്. അനന്ത വിനോദ സഞ്ചാര സാധ്യതകളുള്ള കൈനകരിയെ വിനോദ സഞ്ചാര മന്ത്രി കൂടിയായ പൊതുമരാമത്ത് മന്ത്രി പരിഗണിക്കും എന്ന പ്രതീക്ഷയിലാണ് കൈനകരിക്കാര്‍.