ഒരു ലോഡ് തെരുവുനായ്ക്കളെ റോഡിൽ തള്ളി
1592463
Wednesday, September 17, 2025 11:32 PM IST
ചാരുംമൂട്: തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമായ ചുനക്കര ചാരുംമൂട് മേഖലയിൽ അജ്ഞാതസംഘം ഒരു ലോഡ് തെരുവുനായ്ക്കളെ ലോറിയിൽ എത്തിച്ചു തള്ളിയതായി പരാതി. തെരുവു നായ്ക്കളെ കൂട്ടത്തോടെ വാഹനത്തിൽ കൊണ്ടുവന്നു തള്ളുന്നതായി മുമ്പും പരാതി ഉയർന്നിരുന്നു.
പൊതുവേ തെരുവുനായ്ക്കളുടെ എണ്ണം ഏറിയ പ്രദേശത്താണ് വീണ്ടും കൊണ്ടുവന്നു തള്ളിയിരിക്കുന്നത്. ഏറെ തിരക്കേറിയ കൊല്ലം- തേനി ദേശീയപാതയിലും ചുനക്കര പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലുമാണ് കഴിഞ്ഞദിവസം തെരുവുനായ്ക്കളെ കൂട്ടത്തോടെ കണ്ടെത്തിയത്.
തെരുവുനായ്ക്കൾ കൂട്ടത്തോടെ സഞ്ചരിക്കുന്നതു ഇരുചക്ര യാത്രികർക്കും കാൽനട യാത്രികൾക്കും വലിയ ഭീഷണിയായി മാറിയിരിക്കുകയാണ്.
വിദ്യാർഥികളും
ഭീതിയിൽ
തെരുവുനായ്ക്കളെ തള്ളിയ സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. റോഡിൽ വൻ തോതിൽ തെരുവുനായ്ക്കൾ നിറഞ്ഞതോടെ വിദ്യാർഥികൾ ഉൾപ്പടെയുള്ളവർക്കു പുറത്തിറങ്ങി സഞ്ചരിക്കാനാവാത്ത സ്ഥിതിയാണ്. വീടുകളിൽ കൂട്ടത്തോടെ എത്തുന്ന തെരുവുനായ്ക്കൾ വളർത്തു മൃഗങ്ങളെ ആക്രമിച്ചു കൊല്ലുന്നതും പതിവാണ്. തെരുവുനായ്ക്കൾ കൂട്ടത്തോടെ ഇറങ്ങിയതോടെ പ്രഭാത സവാരി പോലും പലരും ഉപേക്ഷിച്ചു. ചിലർ വടിയും മറ്റും കൈയിൽ കരുതിയാണ് സഞ്ചാരം.
മേഖലയിൽ നിരവധിപേർ കഴിഞ്ഞ ആറു മാസത്തിനുള്ളിൽ തെരുവ് നായ്ക്കളുടെ ആക്രമണത്തിനിരയായിട്ടുണ്ട്. പുലർച്ചെ ട്യൂഷൻ കേന്ദ്രങ്ങളിലേക്കു പോകുന്ന വിദ്യാർഥികൾക്കൊപ്പം സുരക്ഷയെ കരുതി മാതാപിതാക്കളും പോകേണ്ട സ്ഥിതിയാണ്. ദൂരെ ഇടങ്ങളിൽനിന്നു പിടികൂടുന്ന നായ്ക്കളെ ആണ് കൂട്ടത്തോടെ വാഹനങ്ങളിൽ എത്തിച്ച് പാതയോരത്തു തള്ളുന്നതെന്നും ശക്തമായ നടപടി വേണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.