പാഠപുസ്തക വിതരണം സംസ്ഥാനതല ഉദ്ഘാടനം ഇന്ന്
1280559
Friday, March 24, 2023 10:48 PM IST
ആലപ്പുഴ: സംസ്ഥാനത്തെ ഒന്നുമുതല്‍ 10വരെയുള്ള വിദ്യാര്‍ഥികളുടെ പുസ്തക വിതരണത്തിന്റെ സംസ്ഥാനതല വിതരണോദ്ഘാടനം ഇന്നു നടത്തുമെന്ന് സ്വാഗത സംഘം ചെയര്മാന് എച്ച്. സലാം എംഎല്‍എ, കണ്‍വീനറും ജില്ലാ വിദ്യാഭ്യാസ ഉപഡയറകമായ പി. സുജാത എന്നിവര്‍ അറിയിച്ചു. അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള പുസ്തകങ്ങളാണ് ഇത്തരത്തില്‍ വിതരണം ചെയ്യുന്നത്.
ജില്ലയിലെ പൊതുവിദ്യാലയങ്ങളിലെ ഒന്‍പത്,10 ക്ലാസുകളിലേക്ക് പ്രവേശനം ലഭിച്ച മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കുമുള്ള പുസ്തകങ്ങള്‍ ഡിപ്പോകളില്‍ ലഭ്യമാണ്. ഒന്നുമുതല്‍ 10വരെ അടുത്ത അധ്യയന വര്‍ഷത്തേക്ക് ആകെ 13,75,432 പുസ്തകങ്ങളാണ് വേണ്ടത്. ഇതില്‍ 5,57,339 പുസ്തകങ്ങള്‍ അതത് ഡിപ്പോകളില്‍ എത്തിച്ചിട്ടുണ്ട്. പുസ്തക വിതരണത്തിനുള്ള സോര്‍ട്ടിംഗ് ജില്ലയില്‍ തിങ്കളാഴ്ച ആരംഭിക്കും. ജില്ലയിലെത്തിയ പുസ്തകങ്ങൾ ക്രോഡീകരിച്ച് 260 സൊസൈറ്റികളില്‍ എത്തിച്ചുകൊടുക്കുകയാണ് ചെയ്യുന്നത്.
പുസ്തക വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം വിദ്യാഭ്യാസ മന്ത്രി വി. ശിവന് കുട്ടി നിര്‍വഹിക്കും. ആലപ്പുഴ ലജ്നത്ത് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ വൈകുന്നേരം മൂന്നിന് ചേരുന്ന സമ്മേളനത്തില്‍ കൃഷിമന്ത്രി പി. പ്രസാദ് അധ്യക്ഷനാകും. സാംസ്കാരികമന്ത്രി സജി ചെറിയാന് മുഖ്യാതിഥിയാകും.
എ.എം. ആരിഫ് എംപി, എംഎല്‍എമാരായ രമേശ് ചെന്നിത്തല, പി.പി. ചിത്തരഞ്ജന്, യു. പ്രതിഭ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി, നഗരസഭ ചെയര്‍ പേഴ്സണ്‍ സൗമ്യ രാജ്, കളക്ടര്‍ ഹരിത വി. കുമാര്‍, ഉദ്യോസ്ഥര്‍, മറ്റ് ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കുമെന്നും സ്വാഗത സംഘം ഭാരവാഹികള്‍ അറിയിച്ചു.