മാന്നാർ: ബധിരയും മൂകയുമായ പത്ത് വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച അന്യസംസ്ഥാന തൊഴിലാളിയെ മാന്നാർ പോലീസ് അറസ്റ്റ് ചെയ്തു. മാന്നാർ ആലുംമൂട് ജംഗ്ഷന് കിഴക്ക് വശം വാടകയ്ക്ക് താമസിക്കുന്ന പശ്ചിമ ബംഗാൾ സ്വദേശി ബിപുൽ സർക്കാർ (24) ആണ് അറസ്റ്റിലായത്. പ്രതിയുടെ താമസസ്ഥലത്തിന് തൊട്ടടുത്ത വീട്ടിൽ താമസിക്കുന്ന പെൺകുട്ടിയെയാണ് പീഡിപ്പിക്കാൻ ശ്രമിച്ചത്. ബുധനാഴ്ച ഉച്ചയ്ക്കാണ് സംഭവം.
അന്യസംസ്ഥാനക്കാരായ പെൺകുട്ടിയുടെ മാതാപിതാക്കൾ ജോലിക്ക് പോയിരുന്ന സമയത്താണ് പ്രതി ഇവരുടെ വീട്ടിൽ കയറി പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചത് . ജോലി കഴിഞ്ഞെത്തിയ മാതാപിതാക്കൾ വിവരം അറിഞ്ഞയുടൻ മാന്നാർ പോലീസിൽ പരാതി നൽകി. തുടർന്ന് മാന്നാർ പോലീസ് ഇൻസ്പെക്ടർ ബി.രാജേന്ദ്രൻ പിളള, എസ്ഐ സനീഷ് ടി.എസ്. എന്നിവരുടെ നേതൃത്വത്തിൽ സീനിയർ സിവിൽ പോലീസ് ഓഫീസർ ദിനീഷ് ബാബു, സിപിഒ ബിജോഷ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.