തെരുവുനായ ആക്രമണത്തിന് നഗരസഭ പരിഹാരം കാണണം
1561248
Wednesday, May 21, 2025 5:04 AM IST
ചേര്‍ത്തല: തെരുവുനായ ആക്രമണത്തിനു പരിഹാരം കാണാനുതകുന്ന സമഗ്ര കര്‍മപദ്ധതി നടപ്പാക്കാന്‍ നഗരസഭ തയാറാകണമെന്ന് ചേര്‍ത്തല ചൈതന്യ റസിഡന്റ്സ് അസോസിയേഷന് ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
തെരുവുനായ സൃഷ്ടിക്കുന്ന പ്രശ്നങ്ങള്‍ ഒഴിവാക്കാനുതകുന്ന നിര്‍ദേശങ്ങള്‍ അടങ്ങിയ നിവേദനം നഗരസഭാധികൃതര്‍ക്ക് നല്‍കിയതായും കോണ്‍ഫെഡറേഷന്‍ ഓഫ് റസിഡന്റ്സ് വെല്‍ഫയര്‍ ജില്ലാ ട്രഷറര്‍ കെ.ജെ. എബിമോന്, ചൈതന്യ റസിഡന്റ്സ് അസോസിയേഷന് രക്ഷാധികാരി ഡോ. ഏബ്രഹാം നെയ്യാരപ്പള്ളി, സെക്രട്ടറി സദാനന്ദറാവു, ട്രഷറര്‍ പി.കെ. രാധാകൃഷ്ണന് എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
അലഞ്ഞുതിരിയുന്ന നായ്ക്കളെയും ഉടമസ്ഥര്‍ ഉപേക്ഷിക്കുന്ന നായ്ക്കളെയും സംരക്ഷിക്കാന്‍ നഗരത്തില്‍ ഷെല്‍ട്ടര്‍ സ്ഥാപിക്കുക, റോഡരികിലെ മാലിന്യനിക്ഷേപം തടയാന്‍ കര്‍ശന നടപടി സ്വീകരിക്കുകയും നിരീക്ഷണ കാമറകള്‍ സ്ഥാപിക്കുകയും ചെയ്യുക, ബ്ലോക്ക് തലത്തിലെങ്കിലും ആനിമല്‍ ബര്‍ത്ത് കണ്ട്രോള് യൂണിറ്റുകള്‍ തുടങ്ങുക, വളര്‍ത്തുനായ്ക്കള്‍ക്കും തെരുവുനായ്ക്കള്‍ക്കും വര്‍ഷം തോറും പ്രതിരോധകുത്തിവയ്പ് നല്‍കുക, ബോധവത്കരണ ക്ലാസുകള്‍ നടത്തുക തുടങ്ങി നിരവധി നിര്‍ദേശങ്ങള്‍ അടങ്ങിയ നിവേദനമാണ് നഗരസഭാധികൃതര്‍ക്ക് നല്‍കിയത്. ഇക്കാര്യത്തില്‍ അധികൃതര്‍ സത്വര നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ മറ്റ് സംഘടനകളുമായി ചേര്‍ന്ന് പ്രത്യക്ഷ സമരപരിപാടികള്‍ തുടങ്ങുമെന്നും അവര്‍ അറിയിച്ചു.