ജലനിരപ്പ് ഉയർന്നു; നിരവധി കുടുംബങ്ങളെ ദുരിതാശ്വാസക്യാമ്പുകളിലേക്കു മാറ്റി
1563645
Friday, May 30, 2025 11:59 PM IST
അമ്പലപ്പുഴ: ജലനിരപ്പ് ഉയർന്നതോടെ നിരവധി കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്കു മാറ്റിപ്പാർപ്പിച്ചു. അമ്പലപ്പുഴ തെക്ക് പഞ്ചായത്തിലെ ഗവ. മോഡൽ സ്കൂൾ, ആമയിട എൽ പി സ്കൂൾ, തോട്ടപ്പള്ളി നാലു ചിറ ഗവ. ഹൈസ്കൂൾ എന്നിവിടങ്ങളിലാണ് ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിച്ചത്. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് 11 -ാം വാർഡിലെ മൂന്നും 5,7 വാർഡുകളിലെ അഞ്ചു കുടുംബങ്ങളെയാണ് സ്കൂളുകളിലേക്ക് മാറ്റിയത്.
പ്രസവിച്ച് ഏഴാം ദിവസം വീട്ടിൽ വെള്ളം കയറിയതിനെത്തുടർന്ന് ക്യാമ്പിലെത്തിയ യുവതിയെയും നവജാത ശിശുവിനെയും വൃദ്ധ മാതാവിനെയും ആലപ്പുഴയിലെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലേക്കു മാറ്റി.
തോട്ടപ്പള്ളി നാലുചിറ സ്കൂളിൽ 400 കുടുംബങ്ങളിൽനിന്നായി 1100 ഓളം പേർ ക്യാമ്പിലുണ്ട്. പുന്തല വ്യാസ ഓഡിറ്റോറിയത്തിലും നൂറോളം കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു.
എച്ച് സലാം എം എൽ എ, പഞ്ചായത്ത് പ്രസിഡന്റുമാരായ ശോഭാ ബാലൻ, എ. എസ്. സുദർശനൻ, പി. ജി. സൈറസ്, മറ്റ് ജനപ്രതിനിധികൾ എന്നിവർ ക്യാമ്പുകൾ സന്ദർശിച്ചു.