മാവേലിക്കരയിൽ ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ട് 30ന് തുറക്കും
1563164
Thursday, May 29, 2025 3:14 AM IST
മാവേലിക്കര: മോട്ടോർ വാഹനവകുപ്പിന്റെ കീഴില്‍ കേരളത്തിൽ ആദ്യമായി ഡ്രൈവിംഗ് ടെസ്റ്റ് നടത്തുന്നതിന് മാവേലിക്കരയിൽ സ്ഥിരം സംവിധാനമൊരുങ്ങി. എം.എസ്. അരുൺകുമാർ എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ടിൽനിന്ന് 12 ലക്ഷം രൂപ ചെലവഴിച്ച് കെഎസ്ആര്‍ടിസി മാവേലിക്കര റീജണല്‍ വര്‍ക്ഷോപ്പ് വളപ്പിലാണ് ടെസ്റ്റ് ഗ്രൗണ്ട് നിർമാണം പൂർത്തിയായത്.
30ന് വൈകിട്ട് നാലിന് മന്ത്രി കെ.ബി. ഗണേഷ്കുമാർ ഗ്രൗണ്ട് ഉദ്ഘാടനം ചെയ്യും. പൊതുമരാമത്ത് കെട്ടിട വിഭാഗത്തിനായിരുന്നു നിർമാണച്ചുമതല. എംഎല്‍എ, മന്ത്രി കെ.ബി. ഗണേഷ്കുമാറുമായി നടത്തിയ ചര്‍ച്ചയുടെയും നിരന്തരമുള്ള ഇടപെടലിന്റെയും ഫലമായാണ് പദ്ധതി നടപ്പായത്.
റീജണല്‍ വര്‍ക്ഷോപ്പ് വളപ്പിലെ 55 സെന്റ് ഭൂമിയിലാണ് ടെസ്റ്റ് ഗ്രൗണ്ട്. സംസ്ഥാനത്തെ ആറു കേന്ദ്രങ്ങളില്‍ ഒന്നാണിത്. 23 മീറ്റര്‍ വീതം നീളത്തിലും വീതിയിലുമാണ് നിര്‍മാണം. ഇതിനു ചുറ്റും അരമീറ്റര്‍ വീതിയില്‍ സ്ഥലം ക്രമീകരിച്ചു. ശുചിമുറിയും ഉദ്യോഗസ്ഥര്‍ക്കുള്ള സൗകര്യങ്ങളും മറ്റ് ആധുനിക സംവിധാനങ്ങളും ഒരുക്കി. നിലവില്‍ ചൊവ്വ, വെള്ളി ദിവസങ്ങളില്‍ മാവേലിക്കരയിലും തിങ്കള്‍, വ്യാഴം ദിവസങ്ങളില്‍ ചാരുംമൂട്ടിലുമാണ് ടെസ്റ്റ് നടത്തിവരുന്നത്. ഗ്രൗണ്ട് തയാറാകുന്നതോടെ ഇവിടെയും കരിമുളക്കലിലുമായി ടെസ്റ്റ് നടക്കും.
ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടിനൊപ്പം മോട്ടോർ വാഹനവകുപ്പിന്റെ കീഴിലുള്ള കേരളത്തിലെ ആദ്യത്തെ ഡ്രൈവിംഗ് സ്കൂളും മാവേലിക്കര ജോയിന്റ് ആർടി ഓഫീസിന്റെ റോഡ് സേഫ്റ്റി കേഡറ്റ്, രക്ഷാകർത്താവ് ഇനി സുരക്ഷാകർത്താവ്, ഡ്രൈവ് എവേ ഫ്രം ഡ്രഗ്സ് എന്നീ പദ്ധതികളും മന്ത്രി ഉദ്ഘാടനം ചെയ്യും. കേരളത്തില്‍ ആദ്യമായാണ് ടൂവീലര്‍, ഫോര്‍വീലര്‍, ഹെവി ലൈസന്‍സ് ടെസ്റ്റുകളും ഇവയ്ക്കെല്ലാമുള്ള ഡ്രൈവിംഗ് സ്കൂളുകളും ഒരു ഗ്രൗണ്ടിലേക്കെത്തുന്നത്. റീജണല്‍ വര്‍ക്ക് ഷോപ്പിലെ സൗകര്യങ്ങള്‍ വിപുലപ്പെടുത്തി, സൂപ്പര്‍ ഫാസ്റ്റ് ബസുകളുടെയടക്കം ബോഡി നിര്‍മാണവും അറ്റകുറ്റപ്പണികളും കൂടി എത്തുന്നതോടെ മാവേലിക്കര റീജണല്‍ വര്‍ക്ഷോപ്പ് സംസ്ഥാനത്തെ പ്രധാന കേന്ദ്രമായി മാറും.